ADVERTISEMENT

കോഴിക്കോട് ∙ കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച പാലാട്ടിയിൽ ഏബ്രഹാമിന്(70) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഏബ്രഹാമിന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. 

കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനും കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനും തീരുമാനമുണ്ടാകാതെ ഇൻക്വസ്റ്റുമായി സഹകരിക്കില്ലെന്നു ബന്ധുക്കൾ നിലപാട് എടുക്കുകയും പ്രതിഷേധവുമായി ജനം തെരുവിലിറങ്ങുകയും ചെയ്തതോടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

10 ലക്ഷം ഉടൻ നൽകാനും ബാക്കി പണവും ജോലി സംബന്ധിച്ച ശുപാർശയും സർക്കാരിലേക്ക് അയയ്ക്കാനും കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ പറ്റിയില്ലെങ്കിൽ വെടിവച്ചുകൊല്ലാനും തീരുമാനമായതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്.

പോസ്റ്റ്മോർട്ടത്തിനുശേഷം കൂരാച്ചുണ്ടിൽ എത്തിച്ച മൃതദേഹം അവിടെ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി കക്കയത്തെ വീട്ടിലേക്കു കൊണ്ടുപോയി. ഭാര്യ തെയ്യാമ്മയും മക്കളായ ജോബിഷ്, ജോഷ്ന, ജോമോൻ എന്നിവരും അന്ത്യോപചാരം അർപ്പിച്ച ശേഷം പള്ളിയിലേക്കു കൊണ്ടുപോയി. സംസ്കാര ശുശ്രൂഷകൾക്ക് താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമികത്വം വഹിച്ചു. 

ഏബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കണ്ടെത്താൻ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും സാധിച്ചില്ല. ഇന്ന് കൂടുതൽ ജീവനക്കാരെ നിയോഗിക്കും.

English Summary:

Abraham killed in bison attack buried

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com