ADVERTISEMENT

ന്യൂഡൽഹി/തിരുവനന്തപുരം ∙ കേരളത്തിന്റെ കടമെടുപ്പു പരിധി കൂട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര–സംസ്ഥാന ഉദ്യോഗസ്ഥതല ചർച്ച രണ്ടാം വട്ടവും പരാജയപ്പെട്ടതോടെ സംസ്ഥാന സർക്കാർ സാമ്പത്തിക വർഷാവസാനം ഗുരുതര പ്രതിസന്ധിയിലേക്ക്.

കഴിഞ്ഞദിവസം കേന്ദ്രം അനുമതി നൽകിയ 13,608 കോടി രൂപ പോലും സമയബന്ധിതമായി കടമെടുക്കാനാകുമോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ആശങ്കയുണ്ട്. ഇതിൽ 4866 കോടി വൈദ്യുതി വിതരണ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതിനാൽ കടമെടുക്കാൻ കഴിയുന്ന തുകയാണ്. കേന്ദ്ര ഉൗർജ മന്ത്രാലയത്തിൽ കിടക്കുന്ന ഇൗ ഫയൽ ഇനി ധനമന്ത്രാലയത്തിലെത്തി തീരുമാനമെടുത്ത് റിസർവ് ബാങ്കിനെ അറിയിക്കുകയെന്ന നടപടിക്രമം ബാക്കിയാണ്.

ഇൗ മാസം 12,19,26 തീയതികളിലാണ് ഇനി റിസർവ് ബാങ്ക് വഴി കടമെടുക്കാൻ കഴിയുക. അതിനുമുൻപു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കേന്ദ്രം സഹായിച്ചില്ലെങ്കിൽ കേരളം പരുങ്ങലിലാകും. സാമ്പത്തിക വർഷാവസാനം സുപ്രീംകോടതിയിൽ കേസിനു പോയി കേന്ദ്രത്തെ പിണക്കിയത് അബദ്ധമായെന്നാണു ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

സംസ്ഥാനത്തിന്റെ ആവശ്യം പരിശോധിച്ചെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചില്ലെന്നു കേരള സംഘത്തെ നയിച്ച ചീഫ് സെക്രട്ടറി വി.വേണു അറിയിച്ചു. വിവരം തിങ്കളാഴ്ച കോടതിയെ അറിയിക്കും.

25,000 കോടി വേണം; പക്ഷേ എങ്ങനെ ?

ചർച്ച പരാജയപ്പെട്ടതോടെ, സാമ്പത്തിക വർഷാവസാനമായ ഇൗ മാസം ട്രഷറിയിൽ കൂട്ടത്തോടെയെത്തുന്ന ബില്ലുകൾ പാസാക്കാനാകാതെ സർക്കാർ വലയും. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ രണ്ടോ മൂന്നോ മാസത്തെയെങ്കിലും ക്ഷേമ പെൻഷൻ നൽകേണ്ടതുണ്ട്. അടുത്തമാസം ആദ്യം ശമ്പളവും പെൻഷനും നൽകാൻ‌ 5000 കോടി കണ്ടെത്തണം. 25,000 കോടി രൂപയെങ്കിലും ഇൗ മാസാവസാനം ചെലവിടാനുള്ള കണക്കുകൂട്ടലുകളാണു കേന്ദ്ര നിലപാടു കാരണം പൊളിയുന്നത്. വിവിധ വകുപ്പുകളിൽനിന്നു പണം ആവശ്യപ്പെട്ട് ധനവകുപ്പിനു മേൽ കടുത്ത സമ്മർദം തുടങ്ങിയിട്ടുമുണ്ട്.

English Summary:

Central Government-Kerala Government talks fail; Year-End Spending in Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com