ADVERTISEMENT

തിരുവനന്തപുരം ∙ എ.കെ.ആന്റണിയുടെ മകൻ ബിജെപിയിൽ ചേർന്നപ്പോൾ സ്വീകരിച്ച അതേ സമീപനം കെ.കരുണാകരന്റെ മകളുടെ ബിജെപി പ്രവേശനത്തിലും കോൺഗ്രസ് സ്വീകരിക്കും. ആന്റണിയെ ചേർത്തുപിടിച്ചതുപോലെ കരുണാകരന്റെ ഓർമകളെ ചേർത്തുപിടിക്കും. അനിൽ ആന്റണിയുടെ നടപടിയെ വിമർശിച്ചതുപോലെ പത്മജയുടെ തീരുമാനത്തെ തുറന്നുകാട്ടും.

ബിജെപിയെ കേരളത്തിൽ തടഞ്ഞുനിർത്തിയ നേതാവെന്ന ഖ്യാതിയുണ്ട് കോൺഗ്രസിൽ കരുണാകരന്. അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നു വികാരീധനനായി കെ.മുരളീധരൻ പറഞ്ഞത് അതുകൊണ്ടാണ്. മുരളി നേതൃനിരയിൽ പ്രമുഖനായി തുടരുന്നിടത്തോളം തനിക്ക് ആ പരിഗണന കോൺഗ്രസിൽ ലഭിക്കില്ലെന്നും പാർട്ടി വിടാൻ അതും കാരണമാണെന്നുമാണ് പത്മജ പലരെയും അറിയിച്ചത്. 

കോൺഗ്രസിന്റെ സ്ഥാനാർഥിച്ചർച്ച ഡൽഹിയിൽ തുടങ്ങിയ ദിവസംതന്നെ കരുണാകരന്റെ മകളെ പാർട്ടിയിലെത്തിച്ച് ബിജെപി വാർത്ത സൃഷ്ടിച്ചു. അതിന് പ്രതികരണത്തിലൂടെ അമിതപ്രാധാന്യം നൽകേണ്ടെന്നാണു കോൺഗ്രസിലെ ധാരണ. ബിജെപിയും സിപിഎമ്മും പത്മജ വിഷയം ആയുധമാക്കുന്നതിലെ ജാള്യത്തിനുപ്പുറം, ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിലൊന്നും കോൺഗ്രസ് കാര്യമായ അപകടസൂചന കാണുന്നില്ല. 

കെ.മുരളീധരനും രമേശ് ചെന്നിത്തലയും പത്മജയുടെ തീരുമാനത്തോടു പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ചുരുങ്ങിയ വാക്കുകളിൽ നിലപാട് വ്യക്തമാക്കി. പാർട്ടിയിലെ മറ്റു വനിതാ നേതാക്കളെ അപേക്ഷിച്ച് അർഹിക്കുന്നതിലധികം അവസരങ്ങൾ പത്മജയ്ക്കു നൽകിയിരുന്നുവെന്നു നേതാക്കൾ പറയുന്നു. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല.

മുരളീധരനൊപ്പം കരുണാകരൻ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ അതിലോ, പിന്നീട് അവർക്കൊപ്പം എൻസിപിയിലോ പത്മജ ചേർന്നിരുന്നില്ല. പ്രവർത്തനരംഗത്തിറങ്ങാതെ കോൺഗ്രസിൽത്തന്നെ തുടർന്നു. കരുണാകരനെ തിരിച്ചു കോൺഗ്രസിലെത്തിക്കാനും ശ്രമം നടത്തി. ഇതെല്ലാം കണക്കിലെടുത്തു കരുണാകരൻ മരിച്ചശേഷവും പത്മജയ്ക്കു പരിഗണന നൽകിയിരുന്നുവെന്നാണു കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

കോൺഗ്രസ് നേതൃനിരയിലെ പലരെയും ബിജെപി ഏറെക്കാലമായി നോട്ടമിടുന്നുണ്ടെങ്കിലും ഒന്നാം നിരയിൽനിന്ന് ആരെയും  ലഭിച്ചിരുന്നില്ല. ഇപ്പോൾ രാഷ്ട്രീയകാര്യസമിതി അംഗം ബിജെപിയിൽ ചേർന്നിരിക്കുന്നു.

കേരളത്തിലെ 2 ബിജെപി നേതാക്കൾ മാത്രം അറിഞ്ഞുള്ള നീക്കം

തിരുവനന്തപുരം ∙ പത്മജയുടെ പാർട്ടി പ്രവേശനം ബിജെപിയുടെ കേരളത്തിലെ 2 നേതാക്കളും ദേശീയ നേതൃത്വത്തിലെ 2 പേരും മാത്രം അറിഞ്ഞുള്ള നീക്കം. ആലോചനകൾ ഒരു മാസം മുൻപ് ഉണ്ടായിരുന്നെങ്കിലും തീരുമാനത്തിലെത്തിയത് കഴിഞ്ഞ 3 ദിവസത്തിനിടെ നടന്ന നീക്കങ്ങളിലാണ്.

ലോക്സഭയിലേക്കു മത്സരിക്കണോ എന്നതിൽ പത്മജയ്ക്കു തീരുമാനമെടുക്കാം. വന്നയുടൻ മത്സരരംഗത്തിറങ്ങേണ്ടെന്ന അഭിപ്രായമാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിനുള്ളത്. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ.കരുണാകരന്റെ മകൾ മത്സരിച്ചാൽ ദേശീയതലത്തിൽ പ്രചാരണത്തിന് ഉപയോഗിക്കാമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം.

English Summary:

Congress has considered Padmaja Venugopal; did not react and magnify

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com