ADVERTISEMENT

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അടക്കം 11 വിചാരണ രേഖകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഒഴിവാക്കാൻ കഴിയില്ല. 

സേഫ് കസ്റ്റഡിയിൽ നിന്നു രേഖകൾ നഷ്ടപ്പെട്ടത് എത്രകാലം മുൻപാണെന്നും കണ്ടെത്തണം. 2023 ഡിസംബറിലാണു പ്രിൻസിപ്പൽ സെഷൻസ് കോടതി ശിരസ്തദാർ ഇക്കാര്യം ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചത്.

എന്നാൽ 2022 ഡിസംബറിനു മുൻപുതന്നെ കോടതിയിൽ നിന്നു രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു കരുതുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിക്കുന്നതിനു മുന്നോടിയായി രാജ്യത്തെ കോടതികളിൽ പിഎഫ്ഐ പ്രവർത്തകർ പ്രതികളായി റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ വിശദാംശങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിരുന്നു.

അഭിമന്യു കേസിന്റെ വിവരങ്ങൾ ശേഖരിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്കു കോടതിയിൽ നിന്നു രേഖകൾ ലഭിച്ചില്ല. 2022 അവസാനം തന്നെ രേഖകൾ നഷ്ടപ്പെട്ടതായി സംശയിക്കാൻ കാരണം ഇതാണ്. ഇതു ശരിയാണെങ്കിൽ വിവരം ഹൈക്കോടതിക്കു റിപ്പോർട്ട് ചെയ്യുന്നതിൽ സംഭവിച്ച കാലതാമസത്തിനു വിചാരണക്കോടതി വിശദീകരണം നൽകേണ്ടിവരും.

നഷ്ടപ്പെട്ട രേഖകൾ ഈ മാസം 18നു അഭിമന്യു കേസിന്റെ വിചാരണ തുടങ്ങും മുൻപു പുനഃസ‍‍ൃഷ്ടിക്കാൻ കഴിയുമെന്നാണു പ്രോസിക്യൂഷൻ കരുതുന്നത്. രേഖകൾ ഹൈക്കോടതിയുടെ ഉത്തരവിലൂടെ പുനഃസൃഷ്ടിച്ചാൽ  രേഖകളുടെ ആധികാരികത ചോദ്യം ചെയ്യാൻ പ്രതിഭാഗത്തിനു കഴിയില്ലെന്നാണു പ്രോസിക്യൂഷന്റെ പ്രതീക്ഷ.

കോടതിക്കുള്ളിൽ നിന്നു രേഖകൾ നഷ്ടപ്പെട്ട സാഹചര്യം മനസ്സിലാക്കാൻ ഇടതുപക്ഷ അഭിഭാഷക സംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ ഇന്നലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തി ജീവനക്കാരുമായി സംസാരിച്ചു.

നഷ്ടപ്പെട്ട രേഖകൾ വിചാരണ തുടങ്ങും മുൻപു പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ടെങ്കിലും  നഷ്ടപ്പെട്ട രേഖകൾക്കു പകരം വിചാരണ തുടങ്ങുമ്പോൾ പ്രോസിക്യൂഷൻ ഹാജരാക്കുന്ന രേഖകളുടെ ആധികാരികത സംബന്ധിച്ചു പ്രതിഭാഗം എന്തു നിലപാടു സ്വീകരിക്കുമെന്നതും നിർണായകമാണ്.

പകരം രേഖകൾ സമർപ്പിച്ചു വിചാരണ നടത്താൻ കഴിയുമെങ്കിലും കോടതിയുടെ സേഫ് കസ്റ്റ‍‍ഡിയിൽ നിന്ന് അഭിമന്യു വധക്കേസിന്റെ രേഖകൾ എങ്ങനെ നഷ്ടപ്പെട്ടു, ഗുരുതരമായ ഈ വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദി തുടങ്ങിയ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. അതിനുവേണ്ടി പൊലീസ് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.

English Summary:

Documents regarding Abhimanyu murder case were lost in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com