ADVERTISEMENT

കൊച്ചി ∙ റേഷൻ കടകളിലേക്കു സാധനങ്ങൾ എത്തിക്കുന്ന വാതിൽപ്പടി വിതരണക്കാർ വിതരണം ഏറ്റെടുക്കാതായതോടെ സംസ്ഥാനത്ത് ഈ മാസത്തെ റേഷൻ വിതരണം മുടങ്ങാൻ സാധ്യത. തിങ്കളാഴ്ച മുതൽ തുടങ്ങേണ്ട വാതിൽപ്പടി വിതരണം ഇതുവരെയും തുടങ്ങിയിട്ടില്ല. സപ്ലൈകോ നൽകാനുള്ള കുടിശിക നൽകാത്തതിനാലാണു വിതരണക്കാർ വിട്ടുനിൽക്കുന്നത്. സപ്ലൈകോയുടെ പുതിയ ടെൻഡർ നടപടികളും വിതരണക്കാരുടെ എതിർപ്പിനു കാരണമായതായാണു സൂചന.

കുടിശികയുള്ള തുക മുഴുവൻ നൽകിയ ശേഷം മാത്രം സപ്ലൈകോ പുതിയ ടെൻഡർ നടപടികൾ തുടങ്ങണമെന്ന ആവശ്യവുമായി വാതിൽപ്പടി വിതരണക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ ഉത്തരവ് അടിസ്ഥാനമാക്കിയാകും ടെൻഡർ നടപടികൾ എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ തുടർനടപടികൾ ഇനിയും നീളാനാണു സാധ്യത.

റേഷൻ വിതരണത്തിനായുള്ള പുതിയ ടെൻഡർ വ്യവസ്ഥകൾ പ്രകാരം വ്യക്തികൾക്കു ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കില്ല. സ്ഥാപനങ്ങൾക്കു മാത്രമേ പങ്കെടുക്കാനാകൂ. ടെൻഡറിൽ പങ്കെടുക്കാനായി അടയ്ക്കേണ്ട സെക്യൂരിറ്റി തുക (ഏണസ്റ്റ് മണി ഡിപ്പോസിറ്റ്) 5 ലക്ഷം ആയിരുന്നത് 10 ലക്ഷം ആയും ബാങ്ക് ഗാരന്റി അഞ്ചിൽനിന്ന് 10 ലക്ഷമായും ഉയർത്തിയതോടെ പങ്കെടുക്കാൻ സാധിക്കില്ലെന്നു വിതരണക്കാർ പറയുന്നു. വിതരണക്കാർക്ക് രണ്ടരമാസത്തെ കുടിശികയാണ് സപ്ലൈകോ നൽകാനുള്ളത്. ഡിസംബറിൽ നൽകാനുള്ള ബാക്കി തുക മാത്രം നൽകാമെന്നാണ് സപ്ലൈകോ നിലപാട്.

കടത്തിൽ മുങ്ങിനിൽക്കുന്ന തങ്ങൾക്ക് മുഴുവൻ തുകയും ലഭിക്കാതെ വിതരണം നടത്താനാകില്ലെന്നു കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷനും നിലപാട് കടുപ്പിച്ചു. തർക്കം നീണ്ടാൽ റേഷൻ വിതരണം പൂർണമായും മുടങ്ങും.

English Summary:

Ration supply is likely to stop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com