ADVERTISEMENT

തിരുവനന്തപുരം / ന്യൂഡൽഹി ∙ യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയെന്ന കേസിൽ തിരുവനന്തപുരം തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി. രേഖകൾ പിടിച്ചെടുത്തു. ഈ ഏജൻസികൾ വഴി റഷ്യയിലേക്കു മനുഷ്യക്കടത്തു നടന്നതായാണു സിബിഐ കണ്ടെത്തിയിരിക്കുന്നത്.

കേസിൽ യൂട്യൂബർ ഫൈസൽ അബ്ദുൽ മുത്തലിബ് ഖാൻ സിബിഐയുടെ നിരീക്ഷണത്തിലാണ്. റഷ്യയിലെ ജോലി സംബന്ധിച്ച് ‘ബാബാ വ്ലോഗ്സ്’ എന്ന പേരിലുള്ള തന്റെ യൂട്യൂബ് ചാനലിൽ ഫൈസൽ ഇട്ട വിഡിയോ കണ്ട് പലരും അവിടേക്കു പോയതാണു പരിശോധിക്കുന്നത്. റഷ്യൻ സേനയിൽ ഹെൽപർ ജോലി വാഗ്ദാനം ചെയ്തുള്ള വിഡിയോകൾ ഏതാനും മാസം മുൻപ് ഫൈസൽ ഇട്ടിരുന്നു. യുക്രെയ്നിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി മുഹമ്മദ് അഫ്സാന്റെ സഹോദരൻ ഫൈസലിനെതിരെ പരാതിപ്പെട്ടിരുന്നു.

സമൂഹമാധ്യമ പ്രചാരണത്തിലൂടെ ഉദ്യോഗാർഥികളെ ആകർഷിച്ച്, മറ്റു ജോലികൾക്ക് എന്ന പേരിൽ പണം വാങ്ങിയാണു റഷ്യയിലേക്ക് അയച്ചത്. റഷ്യൻ സർക്കാരിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്ന് ഉറപ്പുനൽകി. 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും ലഭിക്കുമെന്നു വിശ്വസിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമായിരുന്നു റിക്രൂട്‌മെന്റ്. പണം നൽകി അഞ്ചാം ദിവസം വീസ നൽകി. ഒരു വർഷത്തെ കരാറിലാണു കൊണ്ടുപോയത്. ഇങ്ങനെ എത്തിയ 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റർപോളുമായി ചേർന്ന് ഇവരെ തിരിച്ചെത്തിക്കാൻ സിബിഐ ശ്രമിക്കുന്നു.

ഡൽഹിയിൽ നിന്നു മോസ്‌കോയിലേക്കു നേരിട്ടും ഷാർജ വഴിയും ആയിരുന്നു യാത്ര. റഷ്യയിലെത്തിയ ഉടൻ പാസ്‌പോർട്ട് അവിടത്തെ ഏജന്റുമാർ പിടിച്ചെടുത്തു. ആയുധപരിശീലനം നൽകിയശേഷം റഷ്യൻ പട്ടാളത്തിന്റെ യൂണിഫോം ധരിപ്പിച്ച് യുദ്ധമുഖത്തെത്തിച്ചതായി സിബിഐ പറയുന്നു.

തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്‌സൺ എന്നിവരാണ് 19 പേരുടെ പ്രതിപ്പട്ടികയിലുള്ള മലയാളികൾ. പൊലീസിനെ അറിയിക്കാതെയാണു സിബിഐ തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ഏജൻസിയിൽ പരിശോധന നടത്തിയത്.

അതേസമയം, കേരള പൊലീസ് ഈ വിഷയത്തിൽ കേസ് എടുത്തിട്ടില്ല. തീരദേശത്തുനിന്നുള്ള ആരെല്ലാം ഈ ഏജൻസികൾ വഴി വിദേശത്തേക്കു പോയി എന്ന വിവരം ശേഖരിക്കുന്നുണ്ട്.

ഇരയെന്ന് തിരിച്ചെത്തിയ റോബർട്ട്

റഷ്യയിലേക്കു മനുഷ്യക്കടത്ത് നടത്തിയെന്ന സിബിഐ കേസിൽ പ്രതിയാക്കപ്പെട്ട താൻ യഥാർഥത്തിൽ മനുഷ്യക്കടത്തിന്റെ ഇരയെന്ന് കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ. യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കാനാണു റഷ്യയിലെത്തിച്ചതെന്നു തിരിച്ചറിഞ്ഞപ്പോൾ അവിടെനിന്നു രക്ഷപ്പെട്ടെന്നു വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തിയ റോബർട്ട് പറഞ്ഞു. തനിക്കൊപ്പം പ്രതി ചേർക്കപ്പെട്ട സജിൻ ഡിക്സൺ കസിനാണ്. പ്രതിപ്പട്ടികയിലുള്ള മൂന്നാമത്തെ മലയാളി തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് എന്ന ടോമിയാണ് തങ്ങളെ തിരിച്ചെത്തിക്കാൻ സഹായിച്ചതെന്നും ഡൽഹിയിൽ തിരിച്ചെത്തിയശേഷം സിബിഐയ്ക്കു മൊഴി നൽകിയെന്നും റോബർട്ട് പറയുന്നു. ഫെബ്രുവരി 8നു റഷ്യയിലെത്തിയപ്പോൾ സ്വീകരിച്ചതു സന്തോഷ് എന്നു പേരു പറഞ്ഞ കഴക്കൂട്ടം സ്വദേശിയായ മലയാളിയാണ്. കരാറിൽ ഒപ്പിടാൻ പറഞ്ഞപ്പോഴാണു റഷ്യയ്ക്കു വേണ്ടി സൈനികസേവനത്തിനു റിക്രൂട്ട് ചെയ്തതാണെന്നു ബോധ്യപ്പെട്ടത്. ടോമിയെ ബന്ധപ്പെട്ടപ്പോൾ ഒപ്പിടരുതെന്നും തിരിച്ചുപോരാനും ആവശ്യപ്പെട്ട് ടിക്കറ്റ് അയച്ചു നൽകി. 9 പേർ ഒരുമിച്ചാണു തിരിച്ചെത്തിയതെന്നും റോബർട്ട് പറഞ്ഞു.

English Summary:

Human Trafficking to Russia, Youtuber under CBI Observation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com