ADVERTISEMENT

തൃശൂർ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ സ്ഥലത്ത് കാണാൻ ആളുകളില്ലാതിരുന്നതിനെത്തുടർന്നു സ്ഥാനാർഥി സുരേഷ് ഗോപി ബിജെപി പ്രവർത്തകരോടു ക്ഷുഭിതനായി. ഇന്നലെ രാവിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണു സംഭവം. കോളനി നിവാസികളെ കാണാൻ കഴിയാത്തതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കാത്തതിനും ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരോടു സുരേഷ് ഗോപി നീരസം പ്രകടിപ്പിച്ചു. ഇതു വ്യക്തമാക്കുന്ന വിഡിയോ പിന്നീടു പുറത്തുവന്നു. 

‘‘ ഇപ്പോൾ പറയുന്നു 18 വയസ്സുകാരന്റെ വോട്ട് ചേർത്തിട്ടില്ലെന്ന്. അപ്പോൾ നമ്മൾ കഴിഞ്ഞ 4 മാസമായി എന്തു ചെയ്യുകയായിരുന്നു. എന്താണു ബൂത്തിന്റെ ജോലി? ബൂത്തിന്റെ ഇൻ ചാർജിന്റെയും ബൂത്ത് പ്രസിഡന്റിന്റെയും ജോലി എന്താണ്? അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ അടുപ്പിക്കാത്ത സ്ഥലത്തേക്ക് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? നിങ്ങൾ എനിക്കു വോട്ട് മേടിച്ചു തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരൻ ഇവിടെയുണ്ടാകണ്ടേ? നിങ്ങൾ ബൂത്തുകാർ മനസ്സിലാക്കണം. നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്കു നേട്ടമുണ്ടാക്കാനാ ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്കു പോകും. അവിടെ രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം. ഇങ്ങനെ എനിക്ക് ഒരു താൽപര്യവുമില്ല. ഭയങ്കര കഷ്ടമാണു കേട്ടോ ’’– കൈകൂപ്പി സുരേഷ് ഗോപി പ്രവർത്തകരോടു പറഞ്ഞു. 

‘ഇന്നു തന്നെ പേരു ചേർക്കാം’ എന്നു പറഞ്ഞ് അനുനയിപ്പിക്കാൻ പ്രവർത്തകർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കോളനിവാസികൾ രാവിലെ തേൻ ശേഖരിക്കാൻ പോയ സമയത്താണു സുരേഷ് ഗോപി എത്തിയതെന്നും അതാണ് ആളുകളെ കാണാൻ കഴിയാതിരുന്നതെന്നുമാണു വിവരം. ഇന്നലെ പുതുക്കാട് നിയമസഭാ മണ്ഡലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പര്യടനം. ഇതിന്റെ ഭാഗമായാണു വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിലും എത്തിയത്. 

English Summary:

Candidate Suresh Gopi became angry with BJP workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com