മസ്റ്ററിങ് 10% മാത്രം; റേഷൻ തടസ്സപ്പെടുമെന്ന് ആശങ്ക
![ration-shop ration-shop](https://img-mm.manoramaonline.com/content/dam/mm/mo/news/editorial/images/2023/10/27/ration-shop.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ മഞ്ഞ, പിങ്ക് മുൻഗണനാ കാർഡുകളിലെ 1.54 കോടി അംഗങ്ങളിൽ 10% പേർ പോലും മസ്റ്ററിങ് നടത്താതെ വന്നതോടെ അടുത്ത മാസം മുതൽ ഇവർക്കുള്ള സൗജന്യ റേഷൻ വിഹിതം ആശങ്കയുടെ തുലാസിൽ. കഴിഞ്ഞ 20 മുതൽ ആരംഭിച്ചെങ്കിലും 14.82 ലക്ഷം പേരാണ് ഇന്നലെവരെ ഇ കെവൈസി (ഉപയോക്താവിനെ തിരിച്ചറിയുക) മസ്റ്ററിങ് നടത്തിയത്.
മുൻഗണനാ കാർഡ് അംഗങ്ങളുടെ പട്ടിക ശുദ്ധീകരിച്ച് അതിന് അനുസൃതമായി റേഷൻ നൽകുന്നതിനാണ് മസ്റ്ററിങ്. കേന്ദ്രം ഈ മാസം 31 വരെ സമയം നൽകിയെങ്കിലും 18ന് അകം പൂർത്തിയാക്കാനാണു സംസ്ഥാന സർക്കാർ ശ്രമം. അതിനായി 15 മുതൽ 17 വരെ റേഷൻ വിതരണം നിർത്തിവച്ചു പ്രത്യേക ക്യാംപുകൾ വഴി മസ്റ്ററിങ് നടത്തും.
ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രത്തിൽ മസ്റ്ററിങ്ങോ റേഷൻ വിതരണമോ, ഏതെങ്കിലുമൊന്നു മാത്രമേ ഇപ്പോൾ ചെയ്യാനാകുന്നുള്ളൂ. കഴിഞ്ഞയാഴ്ച 3 ദിവസം മസ്റ്ററിങ് നിർത്തിവച്ചാണ് റേഷൻ നൽകിയത്. ഇന്നു മസ്റ്ററിങ് പുനരാരംഭിക്കുന്നതോടെ റേഷൻ വിതരണം തടസ്സപ്പെടുമെന്ന് ആശങ്കയുണ്ട്.
ഇ പോസ് സംവിധാനത്തിന്റെ ശേഷി വർധിപ്പിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പോ ഐടി മിഷനോ കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററോ നടപടി സ്വീകരിച്ചിട്ടില്ല.