ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ സ്ഥലംമാറ്റങ്ങളിലും നിയമന നടപടികളിലും ഗതാഗത മന്ത്രിയോ ഓഫിസോ ഇടപെടില്ലെന്ന്   അറിയിപ്പുമായി അദ്ദേഹത്തിന്റെ ഓഫിസ്.  കെ.ബി.ഗണേഷ്കുമാർ ഗതാഗത മന്ത്രിയാകുന്നതിന് മുൻപ്   അന്നത്തെ സിഎംഡിയുടെ കാലത്ത് ആരംഭിച്ച സ്ഥലംമാറ്റ, നിയമന നടപടിക്രമങ്ങളാണ് ഇപ്പോൾ നടപ്പാക്കി വരുന്നതെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആർ. അജിത് കുമാർ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഭരണനിർവഹണം സുഗമമാക്കാൻ വേണ്ടിയുള്ള നടപടികളിൽ പ്രതികൂലമായി ഇടപെടാൻ കഴിയില്ലെന്നാണ് വിശദീകരണം. 

എന്നാൽ മുൻ എംഡിയും ഗതാഗത സെക്രട്ടറിയുമായിരുന്ന ബിജു പ്രഭാകർ നിയമിച്ച എല്ലാ ഉന്നത ഉദ്യോഗസ്ഥരെയും അദ്ദേഹം  മാറിയയുടനെ വെട്ടിനിരത്തിയത് വിവാദമായിരുന്നു. കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാന വിഭാഗമായ കൊമേഴ്സ്യൽ വിഭാഗത്തിലും മാനേജ്മെന്റ് തലത്തിലും ഉള്ള ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. പ്രഫഷനലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായി ചീഫ് ഓഫിസിൽ നിയമിച്ചവരെയെല്ലാം മാറ്റുകയായിരുന്നു. കെഎസ്ആർടിസി  ഇലക്ട്രിക് ബസ് ലാഭത്തിലാണെന്ന് കണക്കു നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായി. 

ഇതുകൂടാതെ കെഎസ്ആർടിസി  തലപ്പത്തു നിന്ന് മന്ത്രിയുടെ ഓഫിസിലേക്ക് എത്തിയ ചിലരുടെ  ഇടപെടലിൽ മറ്റു ജീവനക്കാർക്ക് എതിരെയും വ്യാപക പ്രതികാര നടപടിയുണ്ടായിരുന്നു. ഇതിൽ അഴിമതി ആരോപണങ്ങളും ഉയർന്നതോടെയാണ് മന്ത്രിയുടെ ഓഫിസ് തന്നെ ഇടപെട്ട് വിശദീകരണക്കുറിപ്പ് ഇറക്കിയത്. മോട്ടർ വാഹന വകുപ്പിലെ ചില സ്ഥലം മാറ്റങ്ങളിലും പരാതിയും ആരോപണവും വന്നതോടെയാണ് മന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് വിശദീകരണവുമായി രംഗത്തുവന്നതെന്നാണ് സൂചന. ഇക്കാര്യത്തിൽ മന്ത്രിക്ക് നേരിട്ട് തന്നെ പരാതികളും ലഭിച്ചിരുന്നുവെന്നാണ് വിവരം.

English Summary:

The minister's office will not interfere in KSRTC Transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com