ADVERTISEMENT

തിരുവനന്തപുരം ∙പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നു സർക്കാർ ഒരുവശത്തു പറയുമ്പോൾ മറുവശത്ത് ഇതിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളുടെ പേരിൽ പൊലീസ് കോടതിയിൽ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത് തുടരുന്നു. പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7,913 പേർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് ആസ്ഥാനത്തെ ഏറ്റവും പുതിയ കണക്ക്. ഡിജിപിയുടെ നിർദേശ പ്രകാരമാണു ജില്ലകളിൽ നിന്നു റിപ്പോർട്ട് ശേഖരിച്ചു സർക്കാരിനു നൽകിയത്. 

2019ൽ ആണ് പൗരത്വ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്. വിജ്ഞാപനം പുറത്തിറക്കിയത് ഇപ്പോൾ മാത്രം. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 2019 ഡിസംബർ 10 മുതലാണു കേരളത്തിൽ കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയത്. 7,913 പേർക്കെതിരെ 831 കേസുകൾ റജിസ്റ്റർ ചെയ്തതെന്നാണു പൊലീസ് റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതു 835 കേസുകൾ എന്നാണ്. 114 കേസുകൾ സർക്കാർ പിൻവലിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. തലസ്ഥാന ജില്ലയിൽ മാത്രം 86 കേസുകളിലായി 658 പേർക്കെതിരെ കേസെടുത്തു. കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത് വടക്കൻ കേരളത്തിലാണ്.

കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണു തീരുമാനമെടുക്കേണ്ടത്. എന്നാൽ പല ജില്ലയിലും ഇതു ചെയ്യുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണു കേസ് പിൻവലിക്കുന്നതിനെതിരെ നിലപാട് എടുത്തത്. അതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ നിസഹായരായി. പിഴത്തുക അടയ്ക്കേണ്ട കേസുകളിൽ തുക ഒടുക്കിയവരെ കേസിൽ നിന്ന് ഒഴിവാക്കിയതായി പൊലീസ് പറയുന്നെങ്കിലും അത്തരം കേസുകളും നിലവിലുണ്ട്. മറ്റു കേസുകളിൽ പരിശോധന തുടരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

English Summary:

Citizenship amendment act protest: eight hundred and thirty five case in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com