ADVERTISEMENT

തിരുവനന്തപുരം ∙ ഉദ്ഘാടന മത്സര ഇനത്തിനു പിന്നാലെ ആരംഭിച്ച പ്രതിഷേധ പരമ്പരകളും സംഘർഷങ്ങളും അവസാന ദിനവും തുടരുന്നതിനിടെ കേരള സർവകലാശാല യുവജനോത്സവം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് വൈസ് ചാൻസലർ. എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിക്കെതിരെ എസ്എഫ്ഐ യൂണിയൻ ഭരിക്കുന്ന കോളജുകൾ തന്നെ പ്രതിഷേധിച്ചു. മത്സരങ്ങൾ നടത്താനാവില്ലെന്ന് ഉറപ്പായതോടെ സംഘാടക സമിതി വിസിയുടെ തീരുമാനം അംഗീകരിച്ചു. ഇതിൽ പ്രതിഷേധിച്ച്, മത്സരിക്കാൻ അവസരം നഷ്ടമായ സംഘനൃത്ത ടീമുകൾ സെനറ്റ് ഹാളിൽ നൃത്തം അവതരിപ്പിച്ചു.

5 ദിവസത്തിനിടെ ചെറുതും വലുതുമായ ഒട്ടേറെ പ്രതിഷേധങ്ങൾക്കാണ് യുവജനോത്സവം സാക്ഷ്യം വഹിച്ചത്. കെഎസ്‌യു യൂണിയൻ ഭരിക്കുന്ന കോളജുകളിലെ പ്രവർത്തകരെ ആദ്യദിനം മുതൽ സംഘാടക സമിതിയിലുള്ളവർ ഉൾപ്പെടെ തേടിപ്പിടിച്ച് മർദിച്ചെന്ന് കെഎസ്‌യു ആരോപിക്കുന്നു. ഞായറാഴ്ച രാവിലെ മത്സരങ്ങൾ കാണാനെത്തിയ കെഎസ്‌യുക്കാരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ടു തല്ലിയതിൽ 16 എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ശനിയാഴ്ച കോഴ ആരോപണത്തിൽ വിധികർത്താവ് ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അർധരാത്രിയും എസ്എഫ്ഐക്കാർ തങ്ങളുടെ പ്രവർത്തകരെ മർദിച്ചതായി കെഎസ്‌യു ജില്ലാ കമ്മിറ്റി ആരോപിക്കുന്നു. എന്നാൽ കെഎസ്‌യു കുത്തിത്തിരിപ്പിനു ശ്രമിക്കുകയാണെന്നും മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്നും സർവകലാശാല യൂണിയൻ ചെയർമാൻ പറഞ്ഞു.

അപ്പീലും കോഴ ആരോപണവും നിലനിൽക്കുന്ന തിരുവാതിര, മാർഗംകളി ഒഴികെയുള്ള മത്സരങ്ങളുടെ ഫലം റദ്ദാക്കിയിട്ടില്ല. പരാതികൾ പരിഹരിച്ചതിനു ശേഷം പിന്നീട് കലോത്സവം പുനരാരംഭിക്കും. 

∙ ‘കലാമേള കലാപമായി മാറിയ സാഹചര്യത്തിലാണ് യുവജനോത്സവം നിർത്തിയത്. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം പരിധി വിട്ടിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാലോ എന്നു ഭയപ്പെട്ടു. വയനാട്ടിൽ സിദ്ധാർഥനു സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ ഉത്തരവ് ഇറക്കി.’ – ഡോ.മോഹനൻ കുന്നുമ്മൽ, വൈസ് ചാൻസലർ

English Summary:

Kerala University youth festival stopped by vice chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com