ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ക്ഷാമാശ്വാസവും (ഡിആർ) 7 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി ധനവകുപ്പ് ഉത്തരവിറക്കി. വർധനയുടെ കുടിശിക എന്നു മുതലെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിനാൽ അക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. 2020 ജൂലൈയിലെ ക്ഷാമബത്തയാണു സർക്കാർ ഏറ്റവും ഒടുവിൽ നൽകിയത്. 2021 ജനുവരി ഒന്നിനു 2% ഡിഎ നൽകേണ്ടതാണ്. ഇൗ ഗഡുവാണു ബജറ്റിൽ പ്രഖ്യാപിച്ചതെന്നായിരുന്നു ജീവനക്കാരുടെ ധാരണ. എന്നാൽ, ഇക്കാര്യം ഉത്തരവിൽ വ്യക്തമാക്കാത്തതിനാൽ 39 മാസത്തെ കുടിശിക ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. 

സർക്കാർ ജീവനക്കാർ, അധ്യാപകർ, ഫുൾ ടൈം– പാർട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ തുടങ്ങിയവർക്കെല്ലാം വർധന ബാധകമാണ്. പത്താം ശമ്പള പരിഷ്കരണമനുസരിച്ച് വേതനം കൈപ്പറ്റുന്നവരുടെ ഡിഎയും ഡിആറും 40 %, ഒൻപതാം കമ്മിഷനിൽ 162 %, എട്ടാം കമ്മിഷനിൽ 347 %, ഏഴാം കമ്മിഷനിൽ 406 % എന്നിങ്ങനെയാണ് പുതുക്കിയ ഡിഎ. 

വർധന മൂലം തദ്ദേശ സ്ഥാപനങ്ങളിലെ അധികച്ചെലവ് അവരുടെ തനതു ഫണ്ടിൽ നിന്നു വഹിക്കണം. സ്വന്തമായി ശമ്പളം പരിഷ്കരിക്കുന്ന കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇൗ  വർധന ബാധകമല്ല. മേയിൽ വിതരണം ചെയ്യുന്ന ഏപ്രിലിലെ ശമ്പളത്തിലും ഏപ്രിലിൽ നൽകുന്ന ആ മാസത്തെ പെൻഷനിലുമാണ് വർധന പ്രാബല്യത്തിലാകുക. യുജിസി, എഐസിടിഇ, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയ്ക്കു കീഴിലെ അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ/ഡിആർ 17 ശതമാനത്തിൽ നിന്ന് 31 ആക്കി വർധിപ്പിച്ചും ഉത്തരവിറക്കി. പെൻഷൻ പരിഷ്കരിക്കാത്ത യുജിസി പെൻഷൻകാരുടെ ഡിആർ 164 % എന്നതു  196 % ആക്കി.

ഐഎഎസ്, ഐപിഎസ് 

ഡിഎ 4% കൂട്ടി

തിരുവനന്തപുരം ∙ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത  4% വർധിപ്പിച്ചു. 42 % എന്നത് 46% ആകും. . 2023 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെയാണു വർധന. കുടിശിക പണമായി നൽകും. ഇതോടെ 10 മാസത്തെ ഡിഎ കുടിശിക ഒരുമിച്ചു ലഭിക്കും. മേയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിലാണു വർധന ബാധകം. കേന്ദ്ര സർക്കാർ ഡിഎ 50 ശതമാനമാക്കി വർധിപ്പിച്ചതും വൈകാതെ കേരളത്തിലെ ഓൾ ഇന്ത്യ സർവീസിലെ ഉദ്യോഗസ്ഥർക്കായി പ്രഖ്യാപിക്കും. 

English Summary:

Finance Department issued order increasing dearness allowance (DA) of government employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com