ADVERTISEMENT

കൊച്ചി ∙ കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണു ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകുന്നതെങ്കിൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു വിധേയമായി പാസാകണമെന്നു ഹൈക്കോടതി. ഇതുസംബന്ധിച്ച ട്രാൻസ്പോർട്ട് കമ്മിഷണറുടെ 2009 ഒക്ടോബർ 15 ലെ സർക്കുലർ നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി സെബാസ്റ്റ്യൻ ജേക്കബ് നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിട്ടത്. 

ഹർജിക്കാരന്റെ ലൈസൻസിന് 2020 ഒക്ടോബർ 30 വരെ കാലാവധിയുണ്ടായിരുന്നു. കോവിഡ് മൂലം ലൈസൻസ് പുതുക്കാനായില്ല. ഹർജിക്കാരൻ 2022 ജൂലൈ 17ന് അപേക്ഷ നൽകി. തുടർന്നു ജോയിന്റ് ആർടിഒ ലൈസൻസ് പുതുക്കി നൽകി. 2032 ജൂലൈ 14വരെയായിരുന്നു കാലാവധി. പിന്നീടു സ്മാർട് കാർഡ് ആക്കാനായി അപേക്ഷ നൽകിയപ്പോൾ ലൈസൻസ് പുതുക്കിയതു നിയമവിരുദ്ധമാണെന്നു കാണിച്ചു കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചു. ലൈസൻസ് പുതുക്കാനായി ഡ്രൈവിങ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന കാരണത്താലാണു നോട്ടിസ് ലഭിച്ചതെന്നു മനസ്സിലായി.

എന്നാൽ കാലാവധി കഴിഞ്ഞ് അഞ്ചു വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയാൽ ടെസ്റ്റുകൾക്കു വിധേയമാകേണ്ടതില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ 1988 ലെ മോട്ടർ വാഹന നിയമത്തിൽ 2019 ൽ സമഗ്രമായ ഭേദഗതിയുണ്ടായെന്നു കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതു സംബന്ധിച്ച 9 (3) വകുപ്പിൽ മാറ്റമുണ്ടായിട്ടില്ലെങ്കിലും പുതുക്കുന്നതു സംബന്ധിച്ച 15–ാം വകുപ്പിനു ഭേദഗതിയുണ്ടായി. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് അപേക്ഷ നൽകുന്നതെങ്കിൽ ടെസ്റ്റ് പാസാകണമെന്നാണു വ്യവസ്ഥ. ഹർജിക്കാരൻ അപേക്ഷ നൽകിയിരിക്കുന്നതു ലൈസൻസ് പുതുക്കാനാണ്. അതിനു ബന്ധപ്പെട്ട വ്യവസ്ഥയാണു ബാധകം. സർക്കുലർ നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.

English Summary:

Re-test required after one year of license renewal period says Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com