സമി–സബിൻസ ഗ്രൂപ്പ് സ്ഥാപകൻ ഡോ. മുഹമ്മദ് മജീദ് അന്തരിച്ചു
Mail This Article
ബെംഗളൂരു/ കൊച്ചി ∙ ആയുർവേദത്തെ ആധുനിക ശാസ്ത്രവുമായി കൂട്ടിയിണക്കിയ ബഹുരാഷ്ട്ര ഫാർമ കമ്പനി സമി–സബിൻസ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. മുഹമ്മദ് മജീദ് (75) ചെന്നൈയിൽ അന്തരിച്ചു. കബറടക്കം പിന്നീട്.
400ൽ അധികം രാജ്യാന്തര പേറ്റന്റുകളുള്ള കമ്പനിയുടെ വാർഷിക വിറ്റുവരവ് 1200 കോടിയിലേറെ രൂപയാണ്. മഞ്ഞളിന്റെ മഞ്ഞനിറം കളഞ്ഞ് ‘കുർക്കുമിൻ സി ത്രീ കോംപ്ലക്സ്’, കുരുമുളകിൽ നിന്നു വേർതിരിച്ചെടുത്ത ബയോപെരിൻ, ബ്രഹ്‌മിയിൽ നിന്നുള്ള ബാകോപിൻ, വെളുത്തുള്ളിയിൽ നിന്നുള്ള സെലിനിയം തുടങ്ങി അനേകം ഉൽപന്നങ്ങളിലൂടെ ലോക വിപണികൾ കീഴടക്കിയ ഡോ. മുഹമ്മദ് മജീദിന്റെ കണ്ടുപിടിത്തങ്ങൾ സാധാരണ കർഷകർക്കും നേട്ടമായി.
യുഎസ് കോൺഗ്രസിന്റെ ‘എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ’ പുരസ്കാരം നേടിയിട്ടുണ്ട്. കയറ്റുമതി മികവിനുള്ള കേന്ദ്ര സർക്കാരിന്റെ ബഹുമതികളും നേടി. 17 ശാസ്ത്ര പുസ്തകങ്ങൾ രചിച്ചു.
കൊല്ലം വലിയകടക്കാരൻ കുടുംബാംഗമായ മുഹമ്മദ് മജീദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ബിഫാമിനു ശേഷം ഇൻഡസ്ട്രിയൽ ഫാർമസിയിൽ എംഎസും ന്യൂയോർക്കിലെ സെന്റ് ജോൺസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടി. കാർട്ടർ വാലസ്, പാക്കോ ഫാർമസ്യൂട്ടിക്കൽസ്, ഫൈസർ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം 1988ൽ സബിൻസ കോർപറേഷൻ എന്ന പേരിൽ ന്യൂ ജഴ്സിയിൽ കമ്പനി ആരംഭിച്ചു. 1991ലാണ് ബെംഗളൂരുവിൽ സമി ലാബ്സിന് തുടക്കമിട്ടത്. യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ, ഗൾഫ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വ്യാപാര സാന്നിധ്യമുണ്ട്.
ക്ലിൻവേൾഡ് ലിമിറ്റഡ്, ഓർഗാനിക് അരോമാറ്റിക്സ്, എഡ്ക്കൽ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ, എംജിപി ഹെർബൽ തുടങ്ങിയവ അനുബന്ധ സ്ഥാപനങ്ങളാണ്. 2003ലാണ് ഗ്രൂപ്പിന്റെ ആഗോള ആസ്ഥാനം ബെംഗളൂരു പീനിയയിലേക്ക് മാറ്റിയത്.
മക്കൾ: സമി, അഞ്ജു, ഷഹീൻ.