ADVERTISEMENT

ബ്രേക്ക്ഫാസ്റ്റിനു ഞാൻ ദോശയും മൊട്ടയും കഴിക്കും’ എന്നു പറഞ്ഞാണ് രാജീവ് ചന്ദ്രശേഖർ ഭക്ഷണക്കാര്യം തുടങ്ങിയത്. മുട്ട എന്ന അച്ചടിമലയാളമല്ല ‘മൊട്ട’ എന്ന നാട്ടുമൊഴി. ‘എനിക്കു വലിയ ഹോട്ടലുകൾ ശീലമില്ല. അതിനുള്ള കാശുമില്ല’– പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ‘എനിക്കു തട്ടുകടയും പറ്റും, നക്ഷത്രഹോട്ടലും പ്രശ്നമില്ല. ഒന്നും മറച്ചുവയ്ക്കാറുമില്ല’ – വിളമ്പിയത് കഴിച്ച് ശശി തരൂർ സുതാര്യത വിളംബരം ചെയ്തു. എന്താണു രാജീവിനു പ്രിയമെന്നു ചോദിച്ചപ്പോൾ മറുപടിയിൽ കേന്ദ്രമന്ത്രി ഭക്ഷണനയം തന്നെ പ്രഖ്യാപിച്ചു: ‘കഴിക്കുന്നതിൽ രാഷ്ട്രീയം കലർത്താറില്ല!’

മുന്നിലെ നെയ്‌റോസ്റ്റിനെ പന്ന്യൻ അവഗണിച്ചെങ്കിലും തരൂർ ഇഡ്ഡലി കഴിക്കുന്നതിൽ പിന്നാക്കം പോയില്ല. കാപ്പി രണ്ടെണ്ണം ചോദിച്ചുവാങ്ങി; ഇഡ്ഡലിക്കു മുൻപും ശേഷവും. ‘പ്രചാരണത്തിനു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോയ രണ്ടാഴ്ചകൊണ്ട് രണ്ടരക്കിലോ തൂക്കം കൂടി’ – വേവലാതി മറയ്ക്കാതെ രാജീവ് ജ്യൂസ് മാത്രം കഴി‍ച്ചു. തിരുവനന്തപുരത്ത് മലയാള മനോരമ പത്രാധിപസമിതി അംഗങ്ങളുമൊത്തുള്ള ‘പോൾ കഫേ’ ചർച്ചയിലാണ് സ്ഥാനാർഥികളായ ശശി തരൂരും (യുഡിഎഫ്) രാജീവ് ചന്ദ്രശേഖറും (എൻഡിഎ) പന്ന്യൻ രവീന്ദ്രനും (എൽഡിഎഫ്) ഒരുമിച്ചെത്തിയത്.

തരൂരിന്റെ ത്രിവർണ ഖദർ ഷാൾ രാജീവിന്റെ സെക്രട്ടറി ശ്രദ്ധിച്ചത് ഫൊട്ടോഗ്രഫർമാർ എത്തിയപ്പോഴാണ്. നൊടിയിടയിൽ കാവി ഷാൾ എത്തി. അതോടെ രാജീവും റെഡി. ഈ ലേബലൊന്നുമില്ലാതെതന്നെ പരിചയമാണെന്നു പന്ന്യന്റെ ന്യായം.

3 തവണത്തെ തുടർജയത്തിന്റെ കനക്കൂടുതലുണ്ട് തരൂരിന്റെ തട്ടിന്. 3 തവണ രാജ്യസഭാംഗമായതിന്റെയും കേന്ദ്രമന്ത്രിയെന്നതിന്റെയും താരപദവി രാജീവിനും. തലസ്ഥാനത്തിനു പരിചിതനായ രാഷ്ട്രീയക്കാരനും മുൻ എംപിയുമെന്നതിന്റെ ബലമാണ് പന്ന്യന്റെ പരിച.

പാലക്കാട്ടെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ക്ഷണം ക്ഷമാപണത്തോടെ നിരസിച്ച് തിരുവനന്തപുരത്ത് ആദ്യമായി മത്സരിക്കാനെത്തിയതു തരൂർ ഓർത്തു. ‘നഗരമായിരിക്കും പറ്റിയതെന്ന തോന്നലായിരുന്നു എനിക്ക്. കെപിസിസിയിൽ എതിർപ്പൊക്കെ വന്നു. തിരുവനന്തപുരം അല്ലെങ്കിൽ മത്സരിക്കാനില്ലെന്നു ഞാൻ സോണിയാജിയോടു പറഞ്ഞു. 3 തിരഞ്ഞെടുപ്പിലും ഗ്രാമങ്ങളിൽ‍നിന്നു കൂടുതൽ വോട്ട് കിട്ടി. നിങ്ങളുടെ പ്രശ്നങ്ങൾ അറിയാനുള്ള മലയാളവും അതു ഡൽഹിയിൽ പറയാനുള്ള ഇംഗ്ലിഷും ഹിന്ദിയും എനിക്കറിയാം എന്നു പറഞ്ഞത് ജനം വിശ്വസിച്ചെന്നു മനസ്സിലായി’– തരൂർ അനുഭവം പറഞ്ഞു.

‘എംപി ആയിരിക്കെ പി.കെ.വാസുദേവൻ നായർ മരിച്ചപ്പോൾ തിരുവനന്തപുരത്ത് ഞാൻ മത്സരിക്കണമെന്നായി നിർദേശം. മറ്റു പ്രമാണിമാരും നിർബന്ധിച്ചു. സഖാവ് കെ.കരുണാകരൻ അടക്കം’– പന്ന്യൻ പറഞ്ഞു. കോൺഗ്രസ് വിട്ട കാലത്തെ കരുണാകരനെപ്പറ്റിയുള്ള ‘സഖാവ്’ പ്രയോഗം ചിരിയായി. സ്വന്തം നാടായ കണ്ണൂരിനെക്കാൾ കൂടുതൽ ജീവിച്ചത് തിരുവനന്തപുരത്താണെന്നും പന്ന്യൻ.

സ്ഥാനാർഥിയുടെ സംസ്ഥാനം, ജില്ല, സമുദായം ഒക്കെ വോട്ടർക്കു വിഷയമല്ലെന്നും രാഷ്ട്രീയക്കാർ ഇതെല്ലാം കുത്തിവയ്ക്കുന്നതാണെന്നുമായിരുന്നു രാജീവിന്റെ ന്യായം. ‘വ്യക്തികളല്ല, പ്രസ്ഥാനത്തിന്റെ നയങ്ങളും ജയിച്ചാൽ എന്തു ചെയ്യാൻ കഴിയും എന്നതുമാണു പ്രധാനം. ലോക്സഭയിലേക്കു മത്സരിക്കുന്നതിലെ താൽപര്യം മോദിജി ഓഗസ്റ്റിൽത്തന്നെ അന്വേഷിച്ചിരുന്നു. തിരുവനന്തപുരം എന്നു തീരുമാനിച്ചതു കഴിഞ്ഞമാസമാണ്. വ്യവസായിയെന്ന നിലയിൽ 1995 മുതൽ ഈ നഗരവുമായി ബന്ധമുണ്ട്’– രാജീവ് പറഞ്ഞു.

2008ൽ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്റയുടെ വീട്ടിൽ രാജീവ് ചന്ദ്രശേഖറിനെ ആദ്യം കണ്ട കാര്യം തരൂർ ഓർമിച്ചെടുത്തു. അന്നുതൊട്ടു സൗഹൃദമാണ്. പ്രദർശനമത്സരത്തിൽ ക്രിക്കറ്റ് കളിച്ചതു തൊട്ടുള്ള ഒന്നരപ്പതിറ്റാണ്ടിന്റെ പരിചയം പന്ന്യനുമായും തരൂർ പങ്കുവച്ചു. രാജീവിനെ ആദ്യം കാണുകയാണെന്നു പന്ന്യൻ പറഞ്ഞപ്പോൾ താൻ നേരത്തേ കണ്ടിട്ടുണ്ടെന്നു രാജീവ് തിരുത്തി.

പ്രചാരണത്തിരക്കിലും ഗൗരവമേറിയ രാഷ്ട്രീയത്തിലേക്കൊന്നും പോകാതെ ഒന്നരമണിക്കൂർ കറങ്ങിത്തിരിഞ്ഞ സംഭാഷണം തിരയടിച്ച് വിഴിഞ്ഞം തുറമുഖത്തെത്തി. നിക്ഷേപത്തിന് ആരുമെത്താത്ത കാലത്തെ ന്യൂയോർക്ക് യാത്രയിൽ ഗൗതം അദാനിയോട് താൻ വിഴിഞ്ഞത്തിന്റെ കാര്യം സംസാരിച്ചതാണ് തുറമുഖത്തിന്റെ ദിശ മാറ്റിയതെന്നു തരൂർ പറഞ്ഞു. പക്ഷേ, നാട്ടുകാർക്ക് ഉമ്മൻ ചാണ്ടി സർക്കാർ ബജറ്റിൽ വകയിരുത്തിയ നഷ്ടപരിഹാരം പിണറായി സർക്കാർ കൊടുക്കാത്തതിൽ ദുഃഖമുണ്ടെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നു കേന്ദ്രം പറഞ്ഞതായും തരൂർ തുടർന്നതോടെ പന്ന്യൻ ഇത്തരമൊരു ചർച്ചയുടെ വേദി ഇതല്ലെന്നു തിരുത്തി. ‘ചില കാര്യത്തിൽ ശശിയോടു യോജിപ്പും ചിലതിൽ എതിർപ്പുമുണ്ട്. പക്ഷേ, അതൊന്നും ഇഡ്ഡലിയും വടയും കഴിച്ചു പറയേണ്ട കാര്യമല്ല’ എന്നു രാജീവും ഗൗരവം പൂണ്ടു. ‘അതിനു വട തന്നില്ലല്ലോ, ഇഡ്ഡലി മാത്രമല്ലേ കിട്ടിയുള്ളൂ’ എന്ന കമന്റോടെ തരൂർ തന്നെ ചർച്ച തിരികെ തീരത്തെത്തിച്ചു; സൗഹൃദം ഉലയാതെതന്നെ.

English Summary:

Shashi tharoor, pannyan raveendran and rajeev chandra sekhar together in Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com