മൂന്നു ദിവസമായി ‘സ്പാർക്കി’നു പൂട്ട്; പണമില്ലെന്നു സൂചന
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ശമ്പളവും സ്ഥലംമാറ്റവും അടക്കം കൈകാര്യം ചെയ്യുന്ന സ്പാർക് സോഫ്റ്റ്‌വെയർ 3 ദിവസമായി പണിമുടക്കിൽ. ബില്ലുകൾ സമർപ്പിക്കുന്നതു തടയാൻ മനഃപൂർവം സൃഷ്ടിച്ച സാങ്കേതിക തടസ്സമെന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധിയാണു യഥാർഥ കാരണമെന്നാണു സൂചന. സ്പാർക്കിൽ മറ്റെല്ലാ സേവനങ്ങളും ലഭ്യമാണെങ്കിലും സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാർക്ക് (ഡിഡിഒ) ലോഗിൻ ചെയ്യാൻ കഴിയുന്നില്ല. ഇവരാണ് ജീവനക്കാരുടെ ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും ബില്ലുകൾ സമർപ്പിക്കുന്നത്. ഇവ ട്രഷറിയിലെത്തിയാൽ പാസാക്കി പണം കൈമാറണം.
ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയാക്കിയെങ്കിലും സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ പ്രോവിഡന്റ് ഫണ്ട് പിൻവലിക്കൽ, മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് അടക്കമുള്ള ഒട്ടേറെ ബില്ലുകൾ വരുന്നുണ്ട്. ഇൗ മാസമാദ്യം ജീവനക്കാർക്കു ശമ്പളം നൽകാൻ പണമില്ലാതെ വന്നപ്പോഴും സാങ്കേതിക തടസ്സമെന്നായിരുന്നു സർക്കാർ പറഞ്ഞ കാരണം.
സേവിങ്സ്,പെൻഷൻ: നിയന്ത്രണം നീക്കി
തിരുവനന്തപുരം∙ ട്രഷറികളിലെ സേവിങ്സ് , എംപ്ലോയീ സേവിങ്സ്, പെൻഷൻ അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിക്കുന്നതിലുണ്ടായിരുന്ന 50,000 രൂപ എന്ന നിയന്ത്രണം സർക്കാർ നീക്കി.