തിരഞ്ഞെടുപ്പ് പ്രചാരണം: സാംസ്കാരിക സ്ഥാപനങ്ങളെയും പങ്കാളിയാക്കാൻ സിപിഎം നീക്കം
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളെയും പങ്കാളിയാക്കാൻ സിപിഎം നീക്കം. ഇതിന്റെ ഭാഗമായി സ്ഥാപന സ്ഥാപന മേധാവികൾ അടക്കം സാംസ്കാരിക മേഖലയിലുള്ളവരുടെ യോഗം സർക്കാർ സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പാർട്ടി വിളിച്ചു ചേർത്തു. ഒരു മണിക്കൂറിലേറെ ക്ലാസ് എടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്ഥാപന മേധാവികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കേണ്ടതെങ്ങനെയെന്ന് വിശദമാക്കി.
ഓരോ സ്ഥാപനവും പ്രചാരണത്തിനായി ചെയ്യേണ്ട കാര്യങ്ങൾ അറിയിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാനും അറിയിച്ചു. സിപിഎമ്മിൽ സാംസ്കാരിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, വി.കെ.പ്രശാന്ത് എംഎൽഎ എന്നിവർക്കൊപ്പം കെഎസ്എഫ്ഡിസി ചെയർമാൻ കൂടിയായ സംവിധായകൻ ഷാജി എൻ.കരുണിനും വേദിയിൽ സ്ഥാനം നൽകിയെങ്കിലും അദ്ദേഹം പ്രസംഗിച്ചില്ല. യോഗ വിവരം അറിഞ്ഞെത്തിയ പത്ര ഫൊട്ടോഗ്രഫറെ മന്ത്രി സജി ചെറിയാൻ ഇടപെട്ട് ഹാളിൽനിന്ന് പുറത്താക്കുകയും ചെയ്തു.