‘കലാപോത്സവം’ അന്വേഷിക്കണം; ഡിജിപിക്ക് കേരള വാഴ്സിറ്റിയുടെ കത്ത്
Mail This Article
തിരുവനന്തപുരം ∙ യുവജനോത്സവത്തിനോട് അനുബന്ധിച്ചുനടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നിർദേശപ്രകാരം റജിസ്ട്രാർ ആണു പരാതി നൽകിയത്. കലോത്സവത്തിലെ കോഴ ആരോപണത്തിൽ അറസ്റ്റിലായ മാർഗംകളി വിധികർത്താവ് പി.എൻ.ഷാജി (ഷാജി പൂത്തട്ട) താൻ നിരപരാധിയാണെന്നു കുറിപ്പെഴുതിവച്ച് കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു.
യുവജനോത്സവം സംഘടിപ്പിച്ചത് കാലാവധി കഴിഞ്ഞ സർവകലാശാലാ യൂണിയനാണെന്നു കണ്ടെത്തി. യൂണിയന്റെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കാൻ ഉത്തരവിട്ട വിസി, ഇവരുടെ ഉത്തരവാദിത്തങ്ങൾ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർക്കു കൈമാറി.
യുവജനോത്സവത്തിലെ അക്രമങ്ങളും കോഴ ആരോപണവും വിധികർത്താവിന്റെ ആത്മഹത്യയും പൊലീസ് വിശദമായി അന്വേഷിക്കും. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സർവകലാശാല നൽകിയ പരാതി കൂടി ഉൾപ്പെടുത്തി കേസ് വിപുലീകരിക്കും. ഷാജിയുടെ മരണത്തിൽ കേസെടുത്ത കണ്ണൂർ സിറ്റി പൊലീസ്, ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ യുവജനോത്സവ പ്രശ്നങ്ങൾ കൂടി അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ സഹകരണം തേടി. ഷാജിയെ ബുധനാഴ്ച വൈകിട്ടാണ് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നു പത്തിനു പയ്യാമ്പലത്തു സംസ്കരിക്കും.