ADVERTISEMENT

വരാപ്പുഴ (കൊച്ചി) ∙ ഒഴിവു റിപ്പോർട്ട് ചെയ്യാൻ നാലു സെക്കൻഡ് വൈകിയതിന്റെ പേരിൽ നഷ്ടമായ സർക്കാർ ജോലി, 6 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തിരിച്ചു പിടിച്ച നിഷ ബാലകൃഷ്ണൻ കടമക്കുടി പഞ്ചായത്തിലെ എൽഡി ക്ലാർക്കായി നിയമന ഉത്തരവിൽ ഒപ്പിട്ടു. ‘മനോരമ’ വാർത്തയിലൂടെ പുറംലോകമറിഞ്ഞ ഉദ്യോഗസ്ഥവീഴ്ചയുടെ ഇരയ്ക്ക് ആശ്വാസത്തിന്റെ നിമിഷം.

എറണാകുളം കലക്ടറേറ്റിൽ നിന്നു നിയമന ഉത്തരവു കൈപ്പറ്റി നിഷ ഇന്നലെ 12നാണു പഞ്ചായത്ത് ഓഫിസിൽ എത്തി ജോലിയിൽ പ്രവേശിച്ചത്. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് നിഷയെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരും നിഷയെ സ്വീകരിക്കാനെത്തി. എൽഡിസി റാങ്ക് ലിസ്റ്റിൽ എറണാകുളം ജില്ലാ പട്ടികയിൽ 696-ാം റാങ്കുകാരിയാണു നിഷ. ലിസ്റ്റിന്റെ കാലാവധി തീരാൻ മൂന്നു ദിവസം ബാക്കിയുള്ളപ്പോഴാണു കൊച്ചി കോർപറേഷനിൽ ഒഴിവു റിപ്പോർട്ട് ചെയ്തത്. ഇൗ ഒഴിവിന്റെ വിവരം പിഎസ്‌സിയെ അറിയിക്കണമെന്നു നിഷ നേരിട്ട് ഉദ്യോഗസ്ഥനോട് അപേക്ഷിച്ചു.

അടുത്ത രണ്ടു ദിവസം പൊതു അവധിയായിരുന്നു. 31ന് വൈകിട്ടെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിച്ച് ഉദ്യോഗസ്ഥനെ പലതവണ വിളിച്ചു. എന്നാൽ ആ ഉദ്യോഗസ്ഥൻ ജില്ലാ പിഎസ്‌സി ഓഫിസർക്കു ഒഴിവു റിപ്പോർട്ട് ചെയ്തതു 31ന് അർധരാത്രി കൃത്യം 12നായിരുന്നു. ഉദ്യോഗസ്ഥൻ അയച്ച ഇമെയിൽ പിഎസ്‌സി ഓഫിസർക്കു ലഭിച്ചതു സമയം 12 പിന്നിട്ട് നാല് സെക്കൻഡിനു ശേഷവും. റാങ്ക് ലിസ്റ്റിന്റെ കാലാവധി അർധരാത്രി 12ന് അവസാനിച്ചതായി പറഞ്ഞു പിഎസ്‌സി നിഷയുടെ നിയമനം നിഷേധിക്കുകയായിരുന്നു.

പിന്നീട് നിയമവഴിയിലൂടെ 6 വർഷത്തോളം നടന്നതിനൊടുവിലാണു നിഷയ്ക്കു ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അന്വേഷണത്തിന് അഡീ. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സർക്കാർ ചുമതലപ്പെടുത്തി. അദ്ദേഹം ഉദ്യോഗസ്ഥന്റെ പിഴവു കണ്ടെത്തുകയും ചെയ്തു. കൊല്ലം ചവറ സ്വദേശിനിയായ നിഷ ഭർ‌ത്താവ് പ്രവീണുമൊത്താണു പിഴലയിൽ കടമക്കുടി പഞ്ചായത്ത് ഓഫിസിൽ എത്തിയത്. ഇവിടെ താമസിച്ചു ജോലി ചെയ്യാനാണു തീരുമാനമെന്നു നിഷ പറഞ്ഞു. സൂര്യനാരായണൻ, കാശിനാഥൻ എന്നിവരാണു മക്കൾ. 

English Summary:

Nisha Balakrishnan signed as LD Clerk of Kadamakudy Panchayath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com