ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ റേഷൻകടകളിൽ ഇന്നു മുതൽ ഞായർ വരെ റേഷൻ വിതരണം ഉണ്ടാകില്ല.  മുൻഗണനാ കാർഡുകളുടെ ഇ–കെവൈസി മസ്റ്ററിങ് ഈ ദിവസങ്ങളിൽ നടക്കുന്നതിനാലാണിത്. രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അങ്കണവാടികൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ക്യാംപുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡുമായി മസ്റ്ററിങ്ങിന് എത്തണമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 

സ്ഥല സൗകര്യമുള്ള റേഷൻകടകളിൽ അവിടെ തന്നെ മസ്റ്ററിങ് നടത്തും. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണം. ഞായർ അവധിദിനമാണെങ്കിലും റേഷൻ കടകൾ മസ്റ്ററിങ്ങിനായി പ്രവർത്തിക്കും. ഇ–കെവൈസി അപ്ഡേഷൻ സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി ക്ലെയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ–കെവൈസി മസ്റ്ററിങ് നടത്താൻ സാധിക്കുകയുള്ളൂ.  ഇക്കാരണത്താലാണ് റേഷൻ വിതരണം നിർത്തി വച്ച് മസ്റ്ററിങ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

മേൽപ്പറഞ്ഞ തീയതികളിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം ഇതിനായി സൗകര്യമൊരുക്കും. സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിങ് നടത്താം. കിടപ്പുരോഗിക‍ൾക്കും സ്ഥലത്തില്ലാത്തവർക്കും മസ്റ്ററിങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികൾക്കും വിരലടയാളം പതിയാത്തവർക്കും പിന്നീട് മസ്റ്ററിങിന് അവസരം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

റേഷൻ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മിഷൻ വിതരണം ചെയ്യുന്നതിന് തുക അനുവദിച്ചു. ട്രാൻസ്പോർട്ടേഷൻ കരാറുകാർക്ക് 2023 ഡിസംബർ, ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകാനുള്ള തുക സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിൽ, അവധി ദിനമായ ഞായറാഴ്ച റേഷൻകടകൾ തുറന്ന് മസ്റ്ററിങ് നടത്താൻ തീരുമാനിച്ചതായി റേഷൻ വ്യാപാരികളുടെ ഏകോപനസമിതി ഭാരവാഹികൾ പറഞ്ഞു. രാവിലെ 8 മുതൽ വൈകിട്ട് 7 മണി വരെ തുടർച്ചയായി മസ്റ്ററിങ് നടത്തണമെന്ന ഭക്ഷ്യ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്നും ഉത്തരവ് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും  ഉച്ചയ്ക്ക് ഒന്നോ രണ്ടോ മണിക്കൂർ ഇടവേള അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

English Summary:

Priority ration card mustering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com