ADVERTISEMENT

കൊല്ലം ∙ ജോലി വാഗ്ദാനം ചെയ്തു ഖത്തറിൽ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോഗിച്ചെന്നു കാണിച്ച് അതിജീവിതകളിലൊരാളായ യുവതി, മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫിസിലേക്ക് ഇ മെയിൽ വഴി നൽകിയ പരാതി മന്ത്രിയുടെ ഓഫിസിൽ നിന്ന് ആരോപണവിധേയനു തന്നെ ചോർത്തി നൽകിയെന്ന് ആരോപണം. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫംഗം പരാതി ചോർത്തിക്കൊടുത്തെന്നാണു കുളത്തൂപ്പുഴ സ്വദേശിയായ വിവാഹിതയായ യുവതിയുടെ ആരോപണം. 

Read Also: ‘എതിരാളികൾക്ക് എസ്എഫ്ഐ നിരന്തരം ആയുധം കൊടുക്കുന്നു; മുന്നണിക്കും സർക്കാരിനും ചീത്തപ്പേര്’...

കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണു പീഡന പരാതി. സുധീപിനെതിരെ കുളത്തൂപ്പുഴ പൊലീസ് പീഡനത്തിനു കേസെടുത്തിട്ടുണ്ട്. ഖത്തറിൽ നിന്ന് ഇയാൾ ആഫ്രിക്കയിലേക്കു കടന്നതായാണ് വിവരം. മന്ത്രി ഗണേഷ്കുമാറിന്റെ പഴ്സനൽ സ്റ്റാഫംഗവുമായി ബന്ധമുള്ളയാളാണു സുധീപ് എന്നു യുവതി ആരോപിക്കുന്നു. ഖത്തറിൽ നേരിട്ട അനുഭവത്തെക്കുറിച്ച് നേരത്തേ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്ന് കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയതായും മറ്റു മന്ത്രിമാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ യുവതി പറയുന്നു.

ജോലിക്കെന്നു പറഞ്ഞ് 3 ലക്ഷം രൂപ ഈടാക്കിയ ശേഷം മകളെ ഖത്തറിലേക്ക് കൊണ്ടുപോയി ഫ്ലാറ്റിൽ താമസിപ്പിച്ചു പീഡനത്തിനിരയാക്കിയ ശേഷം പരിചയക്കാർക്ക് നൽകി സുധീപ്ചന്ദ്രൻ പണം സമ്പാദിച്ചു വരികയാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് യുവതിയുടെ അമ്മ കുളത്തൂപ്പുഴ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകളുടെ ശമ്പളം എന്ന പേരിൽ സുധീപിന്റെ അക്കൗണ്ടിൽ നിന്നാണു തനിക്ക് പണം അയച്ചിരുന്നതെന്നും പരാതിയിലുണ്ട്. 2021 നവംബറിലാണ് യുവതി ഖത്തറിലേക്കു പോയത്. 

വിശദീകരണവുമായി മന്ത്രിയുടെ ഓഫിസ്

മന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ പരാതിയുണ്ടായാൽ അവർ സ്റ്റാഫിൽ ഉണ്ടാകില്ലെന്നു മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ ഓഫിസിന്റെ വിശദീകരണം. ഓഫിസിലെ ഒരു ജീവനക്കാരനെതിരെയും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. മന്ത്രിയുടെ പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ല.

English Summary:

Women trafficked to Qatar with job guarantee: complaint of the woman was leaked from Minister Ganesh's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com