ADVERTISEMENT

കൊച്ചി∙ കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റിന് നിലവിൽ മേയ് പകുതി വരെ അവസരമില്ല. പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറച്ചതോടെയാണു പ്രതിസന്ധി ഉടലെടുത്തത്. അയൽ സംസ്ഥാനങ്ങളിലുള്ളവർക്കു പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ ഡ്രൈവിങ് ടെസ്റ്റിനു തീയതി ലഭിക്കുമ്പോഴാണു സംസ്ഥാനത്തു പുതുതായി ലൈസൻസ് എടുക്കുന്നവർക്കും മൂന്നു മാസത്തിലേറെ കാത്തിരിക്കേണ്ടി വരുന്നത്. ലേണേഴ്സ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്ത സ്ഥിതിയുണ്ട്. സർക്കാർതല ഇടപെടൽ ഉടനുണ്ടായില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകും.

ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ടുകൾ ബുക് ചെയ്യേണ്ടതു സാരഥി പോർട്ടൽ മുഖേനയാണ്. മേയ് 13 വരെയുള്ള സ്ലോട്ടുകളാണു ബുക്കിങ്ങിനായി നിലവിൽ തുറന്നു നൽകിയിട്ടുള്ളത്. മിക്ക ആർടിഒകൾക്കു കീഴിലും നോർമൽ ക്വാട്ടയിലെ സ്ലോട്ടുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽത്തന്നെ ബുക് ചെയ്തു പോയിരുന്നു. ഈ തീയതിക്കു ശേഷമുള്ള സ്ലോട്ടുകൾ തുറന്നു കിട്ടാൻ ആയിരങ്ങളാണു സംസ്ഥാനത്തു കാത്തിരിക്കുന്നത്.

അതേസമയം, അയൽ സംസ്ഥാനങ്ങളിൽ ടെസ്റ്റിനു സ്ലോട്ടു ബുക് ചെയ്യുന്നവർക്കു രണ്ടു ദിവസത്തിനുള്ളിൽ അവസരം ലഭിക്കുന്നുണ്ട്. കർണാടകയിൽ തിരക്കേറിയ ബെംഗളൂരു സെൻട്രൽ ആർടിഒയുടെ കീഴിൽ പോലും മാർച്ച് 19ന് 117 സ്ലോട്ടുകൾ ലഭ്യമാണ്. തമിഴ്നാട്ടിലെ ചെന്നൈ സെൻട്രൽ ആർടിഒയ്ക്കു കീഴിൽ ഇതേദിവസലം 34 സ്ലോട്ടുകൾ ലഭ്യമാണ്. ഇതോടെ ഇതര സംസ്ഥാനങ്ങളിൽ ജോലി നോക്കുന്നവരേറെയും അവിടെ ടെസ്റ്റിന് പങ്കെടുത്തു ലൈസൻസ് നേടുകയാണ്. 

വിദേശ ജോലിക്ക് അടിയന്തരമായി ലൈസൻസ് വേണ്ടവരിലേറെയും അയൽസംസ്ഥാനങ്ങളിലുള്ള ഡ്രൈവിങ് സ്കൂളുകൾ മുഖേനയും ലൈസൻസ് സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനുള്ള ആൾബലം മോട്ടർവാഹനവകുപ്പിനില്ലാത്തതും ഓരോ ദിവസവും നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറച്ചതുമാണു പ്രതിസന്ധിക്കു കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിദിനം 180 ടെസ്റ്റ് വരെ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ അൻപതിൽ താഴെ മാത്രമാണു നടക്കുന്നത്.

English Summary:

Driving test is full till May half

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com