ADVERTISEMENT

കേരളരാഷ്ട്രീയത്തിലെ രണ്ട് അതികായർ. വിശേഷണങ്ങൾക്ക് അതീതർ. ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും. ഇവരുടെ ഓർമകൾ നിറയുന്ന തിര‍ഞ്ഞെടുപ്പ്. ആ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് ജോസ് കെ.മാണി എംപിയും ചാണ്ടി ഉമ്മൻ എംഎൽഎയും

പുതുപ്പള്ളി കരോട്ടു വള്ളക്കാലിലും പാലാ കരിങ്ങോഴയ്ക്കലിലും തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപേ പ്രവർത്തകരുടെ തിരക്കാകും. ചർച്ച ഡൽഹി വരെ നീളുമെങ്കിലും തീരുമാനം അവിടെ നാലു ചുമരുകളിൽ രൂപപ്പെട്ടിരുന്ന കാലം. കേരളരാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം യു‍ഡിഎഫ് നിർണായക തീരുമാനങ്ങളെടുക്കുമ്പോൾ അതിലെ പ്രധാന ആശയം രൂപപ്പെട്ടിരുന്നത് ഈ നേതാക്കളുടെ വീടുകളിൽനിന്ന്. അതിവേഗമായിരുന്നു തീരുമാനങ്ങൾ. ഏതു പ്രതിസന്ധിയിലും അവർ ഒന്നിച്ചിരുന്നാൽ മഞ്ഞുരുകും. നായകരുടെ പാരമ്പര്യത്തിന്റെ പാത കാത്ത് മക്കൾ ജനങ്ങൾക്ക് ഒപ്പം. ആ രാഷ്ട്രീയവസതികളിലെ തിരക്കിനും കുറവില്ല.

ജോസ് കെ. മാണി

‘കൊള്ളാം അല്ലേ?’എന്നു പറഞ്ഞാൽ

നല്ലതു പോലെ ഒരുങ്ങി വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ച് ഞങ്ങൾ ആരെങ്കിലും മുന്നിൽപ്പെട്ടാൽ ‘മാണി സാർ’ പ്രതികരിക്കുന്നത് ഇങ്ങനെയായിരിക്കും : ‘കൊള്ളാം അല്ലേ, ഇതു നന്നായിട്ടുണ്ട് അല്ലേ..?’ – 

അപ്പോഴേ മനസ്സിലാക്കിക്കൊള്ളണം ഈ ഡ്രസ് ഇഷ്ടപ്പെട്ടില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാക്കി കൊടുത്താൽ, ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയും –‘കൊള്ളാം അല്ലേ?’ വീട്ടിലും നാട്ടിലും ആരോടും നേരിട്ട് ഒരു കാര്യത്തിലും മോശമായി സംസാരിക്കുന്ന പ്രകൃതം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നു ജോസ് കെ.മാണി. എല്ലാവരും ‘മാണി സാർ’ എന്നു വിളിക്കുന്നതുകേട്ട്, മുതിർന്നപ്പോൾ മുതൽ ജോസ് കെ. മാണിയും അങ്ങനെ  വിളിച്ചുതുടങ്ങി. 

പ്രചാരണ ജീപ്പിലെ വിദ്യാർഥി

ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണ ജീപ്പിൽ ഒപ്പം പോയിട്ടുണ്ട് ജോസ് കെ. മാണി. അന്നൊന്നും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. രാഷ്ട്രീയം പറയാതെ കുടുംബയോഗങ്ങൾ വിളിച്ച് കപ്പയും പുഴുക്കും കഴിച്ചുപിരിഞ്ഞിട്ടുണ്ട്. മൈക്ക് ഇല്ലാതെ, ഫോട്ടോയെടുക്കൽ ഇല്ലാതെ കുടുംബസദസ്സിൽ കുശലം പറഞ്ഞുമടങ്ങും. ഒരു സ്ഥലത്ത് യോഗം കഴിഞ്ഞിറങ്ങിയപ്പോൾ സ്ഥാനാർഥിക്ക് പരാതി. വോട്ട് ചെയ്യണമെന്നു പറഞ്ഞില്ല. സ്ഥാനാർഥിയെ പരിചയപ്പെടുത്തിയില്ല. ‘അതൊക്കെ അവർക്കു മനസ്സിലായിട്ടുണ്ട്’ എന്നായിരുന്നു മറുപടി. ആ ബൂത്തിൽ വൻഭൂരിപക്ഷം കിട്ടി. 

മരണവീടുകളിലെ ദുഃഖം

വിവാഹച്ചടങ്ങുകളിലും മരണവീടുകളിലും പോകാറുണ്ടായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുകയാണ് ചെയ്യുന്നത്. മരണവീടുകളിൽ ചെല്ലുമ്പോൾ അവരുടെ ദുഃഖം കാണുമ്പോൾ അറിയാതെ മുഖത്ത് വിഷമം വരുന്നതാണ്. അദ്ദേഹത്തിന്റെ മനസ്സിലെ വിഷമം മുഖത്തു കാണാം. അതൊരിക്കലും അഭിനയമായിരുന്നില്ല. 

സുമുഖനായ മാണിസാർ

മാണിസാറിനെ മുഷിഞ്ഞ വേഷത്തിൽ കാണാനേ സാധിക്കില്ല. വൃത്തിയുള്ള ജൂബയും മുണ്ടുമാണ് വേഷം. ഇതിനുമുണ്ട് കാരണം. നൂറുകൂട്ടം പ്രശ്നങ്ങളിൽപെട്ട് ഉഴലുന്നവരാണ് സഹായത്തിനായി വരുന്നത്. അവർക്കു നമ്മളെ കാണുമ്പോൾ തന്നെ മനസ്സിനു സന്തോഷം വരണം. പോസിറ്റീവ് എനർജി ഉണ്ടാകണം.

എല്ലായിടത്തും അദ്ദേഹം തന്നെ സ്ഥാനാർഥി

പാർട്ടി മത്സരിക്കുന്ന എല്ലാ മണ്ഡലത്തിലും മാണിസാർ തന്നെയാണ് സ്ഥാനാർഥി എന്ന രീതിയിലാണ് പ്രചാരണം. പ്രസ്താവന തയാറാക്കുന്നത് മുതൽ ബൂത്തിലെ കാര്യങ്ങൾ വരെ അറിയണമെന്നു നിർബന്ധമാണ്. പോസ്റ്ററുകളിലെ ഫോട്ടോ ഏതു വേണമെന്നു സൂക്ഷ്മമായി നിഷ്കർഷിക്കും. എല്ലാ സ്ഥാനാർഥികളുടെയും കാര്യത്തിൽ ഈ ശ്രദ്ധയുണ്ടായിരുന്നു. വിഷയങ്ങളിൽ വേഗം തീരുമാനമെടുത്തിരുന്നു.  

ഒറിജിനൽ ചുമ

പത്രസമ്മേളനങ്ങളിലും മറ്റും മറുപടി പറയുമ്പോഴുള്ള ചുമ കൃത്രിമമല്ല. ഉത്തരം ആലോചിച്ചെടുക്കാൻ സമയമെടുക്കുമായിരിക്കും. അതുപക്ഷേ, മിമിക്രിക്കാർ അനുകരിക്കുന്നതു പോലെയല്ല. മിമിക്രിക്കാരുടെ പ്രകടനങ്ങൾ അദ്ദേഹം ആസ്വദിച്ചിരുന്നു. 

വീട്ടിൽ ഗൗരവത്തിന് സീറ്റില്ല

കാർപോർച്ചിൽവന്ന് ഇറങ്ങിയാൽ ഉച്ചത്തിൽ ‘കുട്ടിയമ്മേ’യെന്നു വിളിച്ചുകൊണ്ടാണ് വീടിനകത്തേക്കു വരുന്നത്. പിന്നെ അരമണിക്കൂറെങ്കിലും അമ്മയുമായി വർത്തമാനം പറയും. കൊച്ചുമക്കളുമായി പന്തു കളിക്കുന്ന വിഡിയോ വൈറലായതാണല്ലോ. 

ചാണ്ടി ഉമ്മൻ

കളർഫുൾ സ്ഥാനാർഥിച്ചർച്ച

13 വർഷം മുൻപു നടന്ന ‘കളർഫുൾ’ സ്ഥാനാർഥി ചർച്ച ഓർക്കുമ്പോൾ ചാണ്ടി ഉമ്മന്റെ മുഖത്ത് ചിരിയുടെ ത്രിവർണം.ആ ഓർമ ഡൽഹിയിലെ കേരള ഹൗസിലാണ്.

തിരഞ്ഞെടുപ്പു ചർച്ചയ്‌ക്കായി ഡൽഹിയിലെത്തിയ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ‘ചായത്തിൽ മുക്കി’യാണ് പ്രവർത്തകർ എതിരേറ്റത്. നേതാക്കളുടെ അലക്കിത്തേച്ച ഖദർ ഉടുപ്പു മുഴുവൻ നിറങ്ങളിൽ മുങ്ങി. നേതൃത്വം നൽകിയത് എൻഎസ്​യു ഡൽഹി സംസ്‌ഥാന ജനറൽ സെക്രട്ടറി ചാണ്ടി ഉമ്മൻ. എല്ലാവരുടെയും തലവഴി നിറം വാരി വിതറി. ഒടുവിൽ മുഖം ഉയർത്തി നോക്കുമ്പോൾ ദേ, നിൽക്കുന്നു നിറത്തിൽ കുളിച്ച് കേരളത്തിലെ അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി.! 

ഹോളി ആഘോഷത്തിന്റെ ത്രില്ലിലായിരുന്നു എല്ലാവരും. ഉമ്മൻ ചാണ്ടി അന്നു കൊണ്ടുപോയത് ആകെ 3 ഉടുപ്പാണ്. ബാക്കി രണ്ടെണ്ണം കൊണ്ടാണ് പിന്നെ ‍ഡൽഹിയിൽ കഴിഞ്ഞത്. 

ആദ്യപ്രസംഗവും തെരുവുനാടകവും

2001ൽ അപ്പയ്ക്ക് എതിരെ ചെറിയാൻ ഫിലിപ് മത്സരിച്ച തിരഞ്ഞെടുപ്പ്. ഒരു കോർണർ യോഗത്തിൽ ഞാൻ പ്രസംഗിക്കാൻ പോയി. മണ്ഡലത്തിലെ എന്റെ ആദ്യ പ്രസംഗം. മൈക്കിന്റെ മുന്നിൽ കത്തിക്കയറവേ അപ്പ തുറന്ന ജീപ്പിൽ സ്വീകരണം ഏറ്റുവാങ്ങി കവലയിൽ എത്തി. പെട്ടെന്നു പ്രസംഗം ചുരുക്കി. യോഗം കഴിഞ്ഞപ്പോൾ അപ്പ അടുത്തുവന്ന് ചെവിയിൽ പറഞ്ഞു: ‘വാക്കുകൾ സൂക്ഷിക്കണം. വേണ്ടാത്തതൊന്നും പറയരുത്.’ 

2011ൽ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് എൻഎസ്​യുവിന്റെ നേതൃത്വത്തിൽ കേരളമാകെ തെരുവുനാടകം അരങ്ങേറുകയാണ്. തിരുവനന്തപുരത്താണ് സമാപനം. അന്നു മറ്റൊരു സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തിരുവനന്തപുരത്തുണ്ട്. നാടകം കാണാൻ അദ്ദേഹം എത്തി. നാടകം നടക്കുന്ന സ്ഥലത്തേക്ക് അപ്പയും രാഹുൽ ഗാന്ധിയും എത്തി.രണ്ടുപേരും വന്നിറങ്ങുമ്പോൾ നാടകം ക്ലൈമാക്സിൽ. ഞാനും വേഷമിട്ടിട്ടുണ്ടെന്ന് അവിടെ വച്ചാണ് അവരറിയുന്നത്. അതു മറക്കാനാവാത്ത ഓർമ. 1991ലെ തിരഞ്ഞെടുപ്പുകാലത്തായിരുന്നല്ലോ രാജീവ് ഗാന്ധിയുടെ മരണം. അത് അപ്പയെ വല്ലാതെ വേദനിപ്പിച്ചു.

ആക്രമണങ്ങളിൽ തളരാതെ

മുഖ്യമന്ത്രിയായിരുന്നപ്പോൾ കണ്ണൂരിൽ ഉണ്ടായ കല്ലേറിനു മുൻപ് കാസർകോട്ടും മറ്റൊരു ആക്രമണം ഉണ്ടായി. അന്നു ഞാനും കാറിലുണ്ട്. കല്ലേറിൽ കാറിന്റെ മുൻഭാഗത്തെ ചില്ലു തകർന്നു. പക്ഷേ, പരുക്കൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരിക്കെ മുംബൈയിൽ ഒരു സമ്മേളനത്തിനു പോയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്കു ഭക്ഷണം നൽകിയ ശേഷമാണ് അപ്പ കഴിച്ചത്. സമ്മേളനം കഴിഞ്ഞ് തിരികെപ്പോകാറായപ്പോൾ പൊലീസുകാർ നന്ദി പറയുന്നതും കണ്ടു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു, ഗവർണറാകാൻ സാധ്യത എന്നെല്ലാമുള്ള വാർത്തകൾ വരും. അതേക്കുറിച്ചൊന്നും വീട്ടിൽ പ്രതികരിക്കാറില്ലായിരുന്നു. 

വിഎസിനെ തിരഞ്ഞുനടന്നു

ഒപ്പം സഞ്ചരിക്കുന്നവരുടെ കാര്യത്തിലും അപ്പയ്ക്ക്  കരുതലായിരുന്നു. അതിൽ രാഷ്ട്രീയമൊന്നുമില്ല. രാമേശ്വരത്ത് എ.പി.ജെ.അബ്ദുൽ കലാമിന്റെ കബറടക്കച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഇരിപ്പിടം മാറി ഇരുന്നത് അറിയാതെ ഏറെ നേരം അദ്ദേഹത്തെയും അന്വേഷിച്ചുനടന്നത് ഓർമയിലുണ്ട്. വിഎസ് ഇരിപ്പിടം മാറി ഇരുന്നത് സ്പെഷൽ പ്രൊട്ടക്​ഷൻ ഗ്രൂപ്പിനെ (എസ്പിജി) ആശയക്കുഴപ്പത്തിലാക്കി. ഒടുവിൽ എസ്പിജി ഇടപെട്ടാണ് ആശയക്കുഴപ്പം പരിഹരിച്ചത്.

English Summary:

Chandy Oommen and Jose K Mani about Oommen Chandy and KM Mani and election memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com