ADVERTISEMENT

തിരുവനന്തപുരം ∙ പത്തനംതിട്ട കൊല്ലമുളയിൽനിന്ന് ആറു വർഷം മുൻപു കാണാതായ രണ്ടാം വർഷ ബികോം വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനക്കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ്, അന്വേഷണത്തിന്റെ ‘സുവർണ മണിക്കൂറുകൾ’ നഷ്ടപ്പെടുത്തിയെന്നു സിബിഐ റിപ്പോർട്ട്.  

തിരോധാനക്കേസുകളിൽ ആദ്യ 48 മണിക്കൂർ അതീവനിർണായകമാണ്. ലോക്കൽ പൊലീസ് ഈ കേസിന് മുൻഗണന നൽകിയില്ല. ലോക്കൽ പൊലീസിനോ ക്രൈംബ്രാഞ്ചിനോ സിബിഐക്കോ ജെസ്ന എവിടെയാണെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശുഭവാർത്ത പ്രതീക്ഷിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത് ജെസ്ന എവിടെയോ ഒളിവിൽ കഴിയുന്നതായുള്ള പ്രചരണത്തിനിടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും മുംബൈയിലും പരിശോധന നടത്തിയ ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ റിപ്പോർട്ട് നൽകിയത്. മതംമാറ്റ ആരോപണത്തെത്തുടർന്ന് മുൻപുള്ള ചില കേസുകൾ സിബിഐ പരിശോധിച്ചു. എന്നാൽ, ജെസ്നയുടെ കേസുമായി ഇവ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേർന്നത്. 

ജെസ്നയെ കാണാതായത് 2018 മാർച്ച് 22ന് ആണ്. തലേന്നു രാവിലെ ജെസ്ന സഹപാഠിയെ ഫോൺ ചെയ്തു. സഹോദരൻ വിലക്കിയിരുന്നതിനാൽ സഹപാഠി ഫോൺ എടുത്തില്ല. ഇതു തന്റെ അവസാന കോളായിരിക്കുമെന്നു ജെസ്ന സന്ദേശം അയച്ചു. പിന്നീട് സഹപാഠി ഫോണെടുത്തപ്പോൾ ഇനി വിളിക്കില്ലെന്നു കുറച്ചുസമയത്തെ നിശ്ശബ്ദതയ്ക്കു ശേഷം ജെസ്ന പറഞ്ഞു. താൻ മരിക്കാൻ പോകുന്നുവെന്നു പിന്നീട് സന്ദേശവും അയച്ചു. സഹപാഠി ഇക്കാര്യം ജെസ്നയുടെ സഹോദരിയെ അറിയിച്ചു. ഈ വിദ്യാർഥിയെയും ജെസ്നയുടെ പിതാവ് ജയിംസ് ജോസഫിനെയും പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിൻ ഇലക്ടറൽ ഓക്സിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് ടെസ്റ്റിനും വിധേയരാക്കിയെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല. 

ഒരു വർഷത്തിനിടെ 1619 കോളുകൾ

2017 ഏപ്രിൽ മുതൽ 2018 മാർച്ച് 22 വരെയുള്ള ജെസ്നയുടെ 1619 ഫോൺ കോളുകൾ സിബിഐ പരിശോധിച്ചു. സഹോദരി കഴിഞ്ഞാൽ കൂടുതൽ തവണ വിളിച്ചത് സഹപാഠിയെയാണ് (234 കോളുകൾ). ഈ സഹപാഠിയും ഹോസ്റ്റൽ മുറിയിലെ മൂന്നു കൂട്ടുകാരികളും ഒഴികെ കോളജിൽ മറ്റാരുമായും അടുപ്പമുണ്ടായിരുന്നില്ല. പ്രണയിച്ച് ആർക്കെങ്കിലുമൊപ്പം പോവാൻ സാധ്യതയില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ല. കീപാഡ് ഫോണാണ് ഉപയോഗിച്ചിരുന്നതെന്നും സിബിഐ ഇൻസ്പെക്ടർ കെ.നിപുൺ ശങ്കർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

English Summary:

Jesna case investigation: First 48 hours of police lapse: CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com