ADVERTISEMENT

റബർ മുതൽ നവകേരള സദസ്സ് വരെ ചർച്ചയാക്കി കോട്ടയത്തെ സ്ഥാനാർഥികൾ തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും തുഷാർ വെള്ളാപ്പള്ളിയും ‘മനോരമ’യിൽ

റബറിൽ വലിച്ചു പിടിച്ചും ടൂറിസത്തിൽ ചുറ്റിയടിച്ചും പരസ്പരം നോവിക്കാതെ കുത്തിയും പോൾ കഫേയിൽ കോട്ടയത്തെ സ്ഥാനാർഥികൾ. കർഷകമനസ്സോടെ മൂവരും നടത്തിയ സംഭാഷണം ഒന്നാം ഗ്രേഡ് റബർഷീറ്റ് പോലെ നിലവാരമുള്ളതായിരുന്നു.

എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജുമാണു പ്രാതൽമേശയിൽ ചർച്ചകൾക്കു തുടക്കമിട്ടത്. രണ്ടു പേരും നേരത്തേ പ്രചാരണം ആരംഭിച്ചതിനാൽ കൂടുതൽ നാൾ വേണ്ടിവരുമ്പോഴുള്ള സാമ്പത്തികഭാരത്തെക്കുറിച്ച് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ വ്യവസായ മനസ്സ് പരിഭവിച്ചു. ഇതിനോടു മറ്റു രണ്ടുപേരും പൂർണമായി യോജിച്ചതോടെ പ്രഭാതഭക്ഷണത്തിലെ പുട്ടും കടലയും കോംബോ പോലെ മൂവരും സെറ്റ്.

റബർ കർഷകരോടു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തികഞ്ഞ അവഗണനയാണെന്നു ഫ്രാൻസിസ് ജോർജ് പറഞ്ഞപ്പോൾ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലിലേക്കു തോമസ് ചാഴികാടൻ ശ്രദ്ധ ക്ഷണിച്ചു. താനുമൊരു റബർ കർഷകനാണെന്ന് അവകാശപ്പെട്ട് സംഭാഷണം തുടങ്ങിയ തുഷാർ, മേഖലയിലെ പ്രശ്നങ്ങൾ വേണ്ടവിധം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ ഇതുവരെ ആരും കൊണ്ടുവന്നിട്ടില്ലെന്നു പറഞ്ഞു. കഴിഞ്ഞദിവസം കേന്ദ്രത്തിൽ ഇക്കാര്യം സംസാരിച്ചപ്പോൾ അനുഭാവപൂർവമായ മറുപടിയാണു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ നിലവിലെ കോട്ടയം എംപി തോമസ് ചാഴികാടനും മുൻ ഇടുക്കി എംപി ഫ്രാൻസിസ് ജോർജും അടിയന്തര പ്രമേയവുമായി ചാടിവീണു. അഞ്ചുതവണ ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും പരുത്തിയുടെയും ചണത്തിന്റെയും കാര്യത്തിൽ കേന്ദ്രം കാട്ടുന്ന പരിഗണന റബറിന്റെ കാര്യത്തിൽ ഉണ്ടായാൽ മതി കർഷകർ രക്ഷപ്പെടുമെന്നും ചാഴികാടൻ പറഞ്ഞു. കാർഷിക വിളയായി റബറിനെ പരിഗണിക്കണമെന്നു പാർലമെന്റിൽ താനും പല പ്രാവശ്യം പ്രസംഗിച്ച കാര്യം ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി. തുടർന്ന് റബറിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകളും വില കണക്കാക്കുന്ന ഫോർമുലയും വന്നതോടെ ചർച്ച റബർ പോലെ നീണ്ടു. റബർ കർഷകർക്ക് അടിസ്ഥാനവില 250 രൂപയെങ്കിലും ലഭിക്കണമെന്ന കാര്യത്തിൽ മൂവരും യോജിച്ചതോടെ സംസാരം പൂർവസ്ഥിതിയിലായി. നെൽക്കർഷകരുടെ ദയനീയ അവസ്ഥയെക്കുറിച്ചും മണ്ഡലത്തിൽ പൂട്ടിക്കിടക്കുന്ന വ്യവസായങ്ങളെക്കുറിച്ചും ഫ്രാൻസിസ് ജോർജ് വിശദീകരിച്ചു.

സൗമ്യമുഖങ്ങളെങ്കിലും കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ട സംഭവത്തിൽ രണ്ടു സ്ഥാനാർഥികളും നില കടുപ്പിച്ചു. ഈ മുൻ ബാങ്ക് ഉദ്യോഗസ്ഥർ കണക്കിന്റെ കൃത്യതയോടെ കാര്യങ്ങൾ വിശദീകരിച്ചു. തങ്ങളെ അകാരണമായി യുഡിഎഫ് പുറത്താക്കിയതാണെന്നും രാഷ്ട്രീയ നിലനിൽപിനായി എൽഡിഎഫിലേക്കു പോകേണ്ടി വന്നെങ്കിലും ഇപ്പോൾ പൂർണ തൃപ്തിയോടെ കഴിയുകയാണെന്നും ചാഴികാടൻ പറഞ്ഞു. എന്നാൽ വാക്കു പാലിക്കാത്തതിനു മുന്നണി യോഗത്തിൽ നിന്നു മാറ്റി നിർത്തുക മാത്രമാണു ചെയ്തതെന്നും നേരത്തേ തന്നെ അപ്പുറത്തേക്കു പോകാനുള്ള പാലം തയാറാക്കിവച്ചിരുന്നതിനാൽ സ്വയം മുന്നണി വിട്ടതാണെന്നുമായിരുന്നു ഫ്രാൻസിസ് ജോർജിന്റെ മറുപടി. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കു വരെ ചർച്ച നീണ്ടതോടെ താനിതിൽ കക്ഷിയല്ലെന്ന ഭാവത്തിൽ തുഷാറിന്റെ കണ്ണുകൾ കയ്യിലെ വാച്ചിലേക്കു നീണ്ടു.

എന്നാൽ പി.സി.ജോർജുമായി ബന്ധപ്പെട്ട വിഷയത്തിൽ സൗമ്യമെങ്കിലും ശക്തമായ മറുപടി തുഷാറിനുണ്ടായിരുന്നു. എൻഡിഎയിലെ പ്രധാന സഖ്യകക്ഷി സീറ്റ് വിറ്റെന്ന പി.സി.ജോർജിന്റെ ആരോപണം അദ്ദേഹത്തിന്റെ സ്ഥിരം ഉണ്ടയില്ലാവെടി പോലെ ഒന്നാണെന്നു തുഷാർ പറഞ്ഞു. താൻ ‘സ്മോൾ ബോയ്’ ആണെന്നും അദ്ദേഹം വലിയ ആളാണെന്നും അനുബന്ധ കൗണ്ടർ.

തന്നെ മുഖ്യമന്ത്രി ശാസിച്ചിട്ടില്ലെന്നും അവതാരക ഇതൊരു പരാതിപരിഹാര പരിപാടിയാണെന്നു പറഞ്ഞപ്പോൾ ‌തിരുത്തുക മാത്രമാണു ചെയ്തതെന്നും പാലായിലെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വിവാദത്തെക്കുറിച്ചു തോമസ് ചാഴികാടൻ പ്രതികരിച്ചു. തനിക്കും അക്കാര്യങ്ങൾ മനസ്സിലായില്ലേയെന്ന് അതോടൊപ്പം മുഖ്യമന്ത്രി ചോദിക്കുക മാത്രമാണു ചെയ്തതെന്നും ചാഴികാടൻ വിശദീകരിച്ചു. നാട്ടിലെ ജനകീയപ്രശ്നങ്ങൾ അവതരിപ്പിച്ചതു തെറ്റാണെന്നു തോന്നുന്നില്ലെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും അനിഷ്ടം ഉണ്ടായിരുന്നെങ്കിൽ താൻ ഉന്നയിച്ച വിഷയങ്ങളിൽ അനുകൂല സമീപനം സ്വീകരിക്കില്ലായിരുന്നെന്നും ചാഴികാടൻ പറഞ്ഞു.

എന്നാൽ മുഖമന്ത്രിയുടെ നടപടി മോശമായിപ്പോയെന്നു ഫ്രാൻസിസ് ജോർജ് ഉറപ്പിച്ചു പറഞ്ഞു. താൻ ഇടതുപക്ഷത്തായിരുന്നപ്പോൾ ഇടുക്കിയിൽ നിർമാണ നിരോധന നിയമം വന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനോടു ശക്തമായ ഭാഷയിൽ സംസാരിച്ചത് അനുസ്മരിക്കുകയും ചെയ്തു.

ടൂറിസം വികസനമാണു മൂവരുടെയും വികസനസ്വപ്നങ്ങളിൽ ഒരുപോലെ നിറഞ്ഞ മറ്റൊരു പദ്ധതി. കുമരകത്തിന്റെ വികസനത്തിനായി കോട്ടയം – ചേർത്തല ടൂറിസം ഹൈവേ പദ്ധതി നടപ്പാക്കുമെന്നു ചാഴികാടന്റെ ഉറപ്പ്. ഹെറിറ്റേജ് സിറ്റിയായി കോട്ടയത്തെ ഉയർത്താനുള്ള നടപടികളിലേക്കു കടക്കുമെന്നു ഫ്രാൻസിസ് ജോർജ്. 

ആലപ്പുഴയും കുമരകവും എല്ലാം ചേർത്തുള്ള ടൂറിസം സർക്കീറ്റ് തുഷാറിന്റെ സ്വപ്നം. കുമരകം അടക്കമുള്ള ടൂറിസം മേഖലയിൽ നിലവാരമുള്ള ബജറ്റ് ഫ്രൻഡ്‌ലി ഹോട്ടലുകൾ വേണമെന്ന വാദത്തിൽ തുഷാറിനും ഫ്രാൻസിസ് ജോർജിനും യോജിപ്പ്. രാഷ്ട്രീയമായി വിയോജിപ്പുകളുണ്ടെങ്കിലും തങ്ങളുടെ സൗഹൃദത്തിനു കോട്ടമില്ലെന്നും പ്രവർത്തകരിലും അതുപോലൊരു സൗഹൃദം ഉണ്ടാകണമെന്നുമാണ് അഭ്യർഥനയെന്നും മൂവരും പറഞ്ഞതോടെ ചൂടൻ കോഫിയുടെ രുചിനിറവിൽ ചർച്ചയ്ക്കു പരിസമാപ്തി.

English Summary:

Loksabha Elections 2024 kottayam constituency candidates poll cafe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com