ADVERTISEMENT

ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിലെ നേതാക്കളെ സംബന്ധിച്ചും അതി നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർക്ക് ഈ തിര‍ഞ്ഞെടുപ്പ് എങ്ങനെ നിർണായകമാകുന്നു?

∙ പിണറായി വിജയൻ

തനിക്കും സർക്കാരിനുമെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് അവകാശപ്പെടാൻ എൽഡിഎഫിന്റെ ഭേദപ്പെട്ട പ്രകടനം മുഖ്യമന്ത്രിക്ക് അനിവാര്യം. ഫലം മോശമായാൽ സർക്കാരിനെതിരായ ആക്രമണങ്ങൾക്കു മൂർച്ച കൂടും. 2019ൽ ശബരിമല വിഷയത്തിലെ നിലപാടിന്റെ പേരിലാണ് പ്രതിക്കൂട്ടിലായതെങ്കിൽ ഇപ്പോൾ മകൾ നേരിടുന്ന അന്വേഷണം ഉൾപ്പെടെ വ്യക്തിപരമായ വിഷയങ്ങളാണു പിണറായിക്കു പ്രതിസന്ധി തീർക്കുന്നത്.

∙ വി.ഡി.സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഏറ്റവും പ്രധാന രാഷ്ട്രീയ ബലപരീക്ഷണം. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളി‌ലെ വിജയം താൻ നടത്തിയ ‘ഇലക്‌ഷൻ മാനേജ്മെന്റ്’ കാരണമാണെന്നും ആ മണ്ഡലങ്ങളിലെ അനുകൂല രാഷ്ട്രീയസാഹചര്യത്തിന്റെ സ്വാഭാവിക ഫലമല്ലെന്നും തെളിയിക്കേണ്ടതുണ്ട്. സർക്കാരിനെതിരെ യുള്ള വിഷയങ്ങൾ പ്രയോജനപ്പെടുത്താൻ സതീശന്റെ നേതൃത്വത്തിനു കഴിഞ്ഞോയെന്ന വിധിയെഴുത്തുകൂടിയാകും.

∙ എം.വി.ഗോവിന്ദൻ

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആദ്യ പ്രധാന തിരഞ്ഞെടുപ്പു ദൗത്യം. ദേശീയതലത്തിൽ നിലനിൽപിനായി പോരാടുന്ന ഇടതുപക്ഷം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഗോവിന്ദന്റെ നേതൃത്വത്തിലുള്ള കേരള സിപിഎമ്മിനെ. മുഖ്യമന്ത്രിയുടെ നിഴലിൽ ഒതുങ്ങിപ്പോയെന്ന പ്രതീതി മറികടക്കാനും സ്വന്തം രാഷ്ട്രീയഗ്രാഫ് ഉയർത്താനും കഴിയണം. മറിച്ചായാൽ പാർട്ടിക്കകത്തെ വിമർശനങ്ങൾക്കു മൂർച്ച കൂടും.

∙ കെ.സുധാകരൻ

മുൻഗാമി മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായിരിക്കെ നേടിയ 19–1 വിജയം കെ.സുധാകരനു മുന്നിലെ വെല്ലുവിളിയാണ്. ഗംഭീര തുടക്കത്തിനു ശേഷം സുധാകരൻ എന്ന ശക്തനായ നേതാവ് ഉലയുന്നതാണു പലപ്പോഴും കണ്ടത്. ആരോഗ്യപ്രശ്നങ്ങളും നാക്കുപിഴകളും സംഘടനാരംഗത്തെ അലംഭാവങ്ങളും വിമർശകർ ആയുധമാക്കി. യുഡിഎഫിന്റെ മികച്ച പ്രകടനം വിമർശകരുടെ നാവടക്കും. മറിച്ചായാൽ അവർ സുധാകരന്റെ ചോരയ്ക്കായി രംഗത്തിറങ്ങും.

∙ കെ.സുരേന്ദ്രൻ

ഒരുപക്ഷേ ഈ ലോക്സഭാ വിധിയെഴുത്ത് ഏറ്റവും നിർണായകമാകുക ബിജെപി സംസ്ഥാന പ്രസിഡന്റിനാകും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ നിറംമങ്ങിയ പ്രകടനത്തെത്തുടർന്ന് നേതൃമാറ്റത്തിനു പാർട്ടിയിൽ ഉയർന്ന മുറവിളിയെ അതിജീവിച്ച സുരേന്ദ്രന് ഇനി ഒരു തോൽവിക്കുകൂടി ന്യായീകരണം തീർക്കുക എളുപ്പമല്ല. ഒരു സീറ്റിലെങ്കിലും താമര വിരിയിക്കാനായാൽ സുരേന്ദ്രൻ ബിജെപിയുടെ കേരളത്തിലെ മിന്നുംതാരങ്ങളിൽ ഒരാളാകുകയും ചെയ്യും.

English Summary:

Loksabha Elections 2024 result crucial for kerala leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com