ADVERTISEMENT

തിരുവനന്തപുരം∙ ദേശീയ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലും കേരളത്തിൽ എക്കാലത്തും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾ പ്രതിഫലിക്കാറുണ്ട്. സമീപ കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പ്രധാനസംഭവങ്ങളിലൂടെ... 

പെൻഷൻകാരുടെ പിച്ചച്ചട്ടി

ഇടുക്കിയിലെ മറിയക്കുട്ടി പിച്ചച്ചട്ടിയുമായി സമരത്തിനിറങ്ങിയത് സാമൂഹിക പെൻഷൻ കുടിശികയായപ്പോഴാണ്. ഇപ്പോഴും 3 മാസത്തെ പെൻഷൻ കുടിശികയാണ്. കെഎസ്ആർടിസിയിലെ ശമ്പളവും പെൻഷനും കൃത്യമായി നൽകാനാകുന്നില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളം കൂടി വൈകിയതോടെ സാമ്പത്തികപ്രതിസന്ധിയുടെ ആഴമാണു വെളിവായത്. 

വന്യമൃഗങ്ങളുടെ കലി

മലയോര മേഖലകളിൽ വന്യജീവി ആക്രമണവും അതെത്തുടർന്നുള്ള മരണങ്ങളും വർധിച്ചു. നാട്ടുകാരുടെ വൈകാരിക പ്രതികരണത്തിലും സർക്കാരിന്റെ നഷ്ടപരിഹാര പ്രഖ്യാപനത്തിലും മാത്രമൊതുങ്ങിയിരുന്ന വിഷയം പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലൂടെ ഏറ്റെടുത്തതാണു കോതമംഗലത്തും വയനാട്ടിലും കണ്ടത്.  

കരിമണലിലെ ലോജിക്

കരിമണൽ കമ്പനി സിഎംആർഎലും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാലോജിക്കും ഉൾപ്പെട്ട സാമ്പത്തിക ഇടപാട് വൻ രാഷ്ട്രീയവിവാദമായി തുടരുന്നു. സംഭാവന ലഭിച്ചവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതിനാൽ കരുതലോടെയായിരുന്നു പ്രതിപക്ഷ പ്രതികരണം. നിയമസഭയിലും പുറത്തും കേസ് ചർച്ചയാക്കിയ മാത്യു കുഴൽനാടനെതിരെ ഭൂമി കയ്യേറ്റത്തിനു വിജിലൻസ് കേസെടുത്താണ് സർക്കാർ തിരിച്ചടിച്ചത്.

സിദ്ധാർഥൻ എന്ന ദുഃഖം

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട മർദനത്തെത്തുടർന്നുള്ള സിദ്ധാർഥിന്റെ മരണം രാഷ്ട്രീയത്തിനതീതമായാണു കേരള മനഃസാക്ഷി ഏറ്റെടുത്തത്.  എസ്എഫ്ഐ പ്രതിക്കൂട്ടിലുള്ളതിനാൽ ന്യായവാദങ്ങൾ നിരത്താനാണ് ആദ്യം ശ്രമിച്ചതെങ്കിലും ജനരോഷം അവഗണിക്കാൻ സർക്കാരിനായില്ല. പാർട്ടിക്കാർ പ്രതികളാകുന്ന കേസുകളിൽ സിബിഐയോട് അയിത്തം കാണിച്ചിരുന്ന സർക്കാർ സിദ്ധാർഥൻ കേസ് വളരെപ്പെട്ടെന്നു സിബിഐക്കു വിട്ടു.

കരുവന്നൂരിന്റെ പാഠം

സഹകരണമേഖലയിലെ വിശ്വാസ്യതയ്ക്കു തുരങ്കം വയ്ക്കുന്നതായിരുന്നു കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളിലെ ക്രമക്കേട്. ഇരുമുന്നണികളും രാഷ്ട്രീയം കളിച്ചതോടെ മറ്റു ബാങ്കുകളുടെമേലും ക്രമക്കേട് ആരോപിക്കപ്പെട്ടു. 

സമരകേരള ബസ്

മന്ത്രിസഭയാകെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമെത്തി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുദ്ദേശിച്ചാണു നവകേരള സദസ്സ് സംഘടിപ്പിച്ചത്. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധമുണ്ടായപ്പോൾ പൊലീസും ഡിവൈഎഫ്ഐയും തിരിച്ചടിച്ചു. ഇതോടെ സമരവേലിയേറ്റമുണ്ടായി.

തോൽക്കാതെ ടിപി

കൊല്ലപ്പെട്ട് ഒരു വ്യാഴവട്ടത്തിനിപ്പുറവും ടി.പി.ചന്ദ്രശേഖരൻ കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ചു. വിചാരണക്കോടതി ശിക്ഷിച്ച പ്രതികളുടെ ശിക്ഷ ഉയർത്തിയും വിട്ടയച്ച 2 പ്രതികളെ ശിക്ഷിച്ചുമുള്ള ഹൈക്കോടതി വിധി വീണ്ടും ടിപി കേസ് ചർച്ചയാക്കി. 

പൊള്ളുന്ന പൗരത്വം

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തപ്പോൾ യുഡിഎഫും എൽഡിഎഫും പ്രതിഷേധസ്വരം ഉയർത്തി. 2019ലും മതവും വിശ്വാസവും തിരഞ്ഞെടുപ്പു വിഷയമായിരുന്നു. അന്ന് ശബരിമലയിൽ ഇടതുമുന്നണിക്കു കൈ പൊള്ളി.  

English Summary:

Major events that have gripped Kerala politics in recent times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com