ADVERTISEMENT

കൊച്ചി∙ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു നിർണായക വിചാരണ രേഖകൾ കാണാതായ എം. അഭിമന്യു വധക്കേസിൽ പ്രോസിക്യൂഷൻ ഇന്നലെ ഹാജരാക്കിയ സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകളും പ്രതിഭാഗത്തിന്റെ പക്കലുള്ള രേഖകളുടെ പകർപ്പും കോടതി പരിശോധിക്കും. നഷ്ടപ്പെട്ട 11 രേഖകൾക്കു പകരം ഹൈക്കോടതിയുടെ നിർദേശപ്രകാരം പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ പ്രതിഭാഗം തർക്കം ഉന്നയിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇതിനായി 25 നു കേസ് വീണ്ടും പരിഗണിക്കും. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന എം. അഭിമന്യുവിനെ വധിച്ച കേസിലെ കുറ്റപത്രവും പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകളാണു നഷ്ടപ്പെട്ടത്.

കേസന്വേഷണം പൂർത്തിയാക്കി 2018 സെപ്റ്റംബർ 26 നാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 2019 ജനുവരിയിലാണു പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിൽ നിന്നു രേഖകൾ നഷ്ടപ്പെട്ടതെന്നാണു പ്രാഥമിക അന്വേഷണത്തിലെ നിഗമനം. 2023 ൽ ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ വിചാരണക്കോടതി ഹൈക്കോടതിയെ വിവരം അറിയിച്ചു. തുടർന്നാണു സമർപ്പിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇന്നലെ പ്രോസിക്യൂഷൻ വീണ്ടും സമർപ്പിച്ചത്. ഈ രേഖകളുടെ ആധികാരികത പരിശോധിക്കാൻ പ്രതിഭാഗത്തിനു കോടതി അനുവാദം നൽകിയിട്ടുണ്ട്.

നഷ്ടപ്പെട്ട രേഖകൾ അന്വേഷണ സംഘം വിചാരണക്കോടതിയിൽ ആദ്യം സമർപ്പിച്ച തീയതിയും അന്നു കോടതി പതിപ്പിച്ച സീലും എന്തായാലും ഇന്നലെ വീണ്ടും സമർപ്പിച്ച രേഖകളിൽ പുനഃസൃഷ്ടിക്കാനാവില്ല. ഈ സാഹചര്യത്തിൽ വിചാരണയ്ക്കിടയിലോ, അന്തിമവിധി പ്രതിഭാഗത്തിനു പ്രതികൂലമാണെങ്കിൽ അപ്പീൽ സമർപ്പിക്കുമ്പോഴോ ഈ തീയതിയിലും സീലിലും തടസ്സവാദമോ തർക്കമോ ഉന്നയിക്കേണ്ട സാഹചര്യമുണ്ടായാൽ ഇപ്പോൾ പ്രതിഭാഗം ഉന്നയിച്ച തർക്കം പ്രസക്തമാവുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണു പ്രതിഭാഗത്തിന്റെ പക്കലുള്ള രേഖകളുടെ പകർപ്പു കൂടി ഹാജരാക്കണമെന്ന ആവശ്യം കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഉന്നയിച്ചത്. കോടതിയും ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. അതിനു ശേഷം ഇതുസംബന്ധിച്ച വാദം കോടതി കേൾക്കും. നഷ്ടപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉപയോഗിച്ചു സാക്ഷി വിസ്താരം തുടങ്ങാമെങ്കിലും ഇത്ര രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു തന്നെ രേഖകൾ എങ്ങനെ കാണാതായെന്ന ഗൗരവമുള്ള വിഷയം ഉത്തരം കിട്ടാതെ തുടരുകയാണ്. 

English Summary:

Abhimanyu murder case: Court to examine certified copies of missing documents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com