ADVERTISEMENT

കാസർകോട് ∙ ഉത്തരേന്ത്യയിലെപ്പോലെ കേരളരാഷ്ട്രീയത്തിൽ ഊരുമൂപ്പൻമാരില്ലെന്നും മറ്റുപാർട്ടികളിൽനിന്ന് ഒരു നേതാവ് ബിജെപിയിലേക്കു വന്നാൽ വീട്ടുകാർ എന്നല്ല അവരുടെ നിഴൽ പോലും കൂടെ വരുന്നില്ലെന്ന യാഥാർഥ്യം ദേശീയ നേതൃത്വം തിരിച്ചറിയണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭൻ പറഞ്ഞു.

കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ എൻഡിഎ സ്ഥാനാർഥിയുടെ കാസർകോട് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനിൽ ഉദ്ഘാടകയാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ‘മനോരമ’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

? കേരളത്തിൽ പാർട്ടി മാറി വരുന്നവരെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവുമില്ലെന്നാണോ?

∙ ചിലർക്ക് ചില കാര്യങ്ങൾ നേടിയെടുക്കാൻ അസാധ്യകഴിവുണ്ട്. അവർ മറ്റു പാർട്ടികളിൽ ഇരുന്ന് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിച്ചശേഷം അവിടെനിന്ന് ഇനി ഒന്നും ലഭിക്കാനില്ലെന്നു തിരിച്ചറി‍ഞ്ഞുവരുന്നവരാണ്. ജനസംഘത്തിന്റെ കാലം മുതൽ ഈ ആശയത്തിനു വേണ്ടി പ്രവർത്തിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഇത്തരക്കാരെ പ്രതിഷ്ഠിക്കുന്നതു ഗുണകരമല്ല.

? കാസർകോട്ടെ പരിപാടിയിൽ പത്മജ വേണുഗോപാൽ നിലവിളക്ക് കൊളുത്തുമ്പോൾ എഴുന്നേൽക്കാതിരുന്നത് പ്രതിഷേധമെന്ന നിലയിലാണോ?

∙ ഉദ്ഘാടകനായിട്ടാണ് എന്നെ ക്ഷണിച്ചത്. പിന്നീട് പത്മജയാണ് ഉദ്ഘാടനം എന്നറിഞ്ഞു. പത്മജ എത്തുന്നതിനു മുൻപുതന്നെ ഒരുപാട് സമയം പ്രസംഗിച്ചപ്പോൾ ഞാൻ നന്നായി വിയർത്തു. അതിനാലാണ് ഇരുന്നത്. വേഗം മടങ്ങുകയും ചെയ്തു. പ്രതിഷേധമായി കാണേണ്ടതില്ല.

? പത്മജ വരുമ്പോൾ ജയ് വിളിച്ച പാർട്ടി പ്രവർത്തകരെ വിമർശിച്ചുവല്ലോ?

∙ നമ്മൾ പ്രസംഗം നടത്തുമ്പോൾ അവിടെ കൂടിയ ആളുകൾ അതു കേട്ടിരിക്കണം. അതാണല്ലോ മര്യാദ. അതിനുപകരം ബഹളം ഉണ്ടാക്കുന്നതു ശരിയല്ല. ആ കാര്യം പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചതാണ്.

? എ.പി.അബ്ദുല്ലക്കുട്ടിയും അൽഫോൻസ് കണ്ണന്താനവും അനിൽ ആന്റണിയും പത്മജയും വരെയുള്ളവർക്ക് ലഭിക്കുന്ന അധിക പരിഗണനയിൽ പ്രവർത്തകർക്ക് അതൃപ്തിയുണ്ടോ ?

∙ ബിജെപിയിലെ പഴയ ആളുകൾക്ക് അതൃപ്തിയുണ്ട്. മുൻകാലത്ത് ബിജെപിയുടെ ആശയത്തിന് എതിരു നിന്നവർ ഇപ്പോൾ വരുന്നത് അധികാരമുള്ളതുകൊണ്ടു മാത്രമാണെന്ന് അണികൾക്കു ബോധ്യമുണ്ട്.

? ഈ അതൃപ്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാധിക്കുമോ?

∙ ആവേശത്തോടെയും ഐക്യത്തോടെയും പ്രവർത്തിച്ചാലല്ലേ വിജയത്തിലെത്താൻ കഴിയൂ. വ്രണിതഹൃദയരായി ഇരിക്കുന്നവർ എങ്ങനെയാണ് ഐക്യത്തോടെ പ്രവർത്തിക്കുക.

? പാർട്ടി മാറി എത്തുന്നവരെ ഏതു രീതിയിൽ പരിഗണിക്കണമെന്നാണു നിർദേശം?

∙ ഉത്തരേന്ത്യയിലെ രീതിയിൽ വലിയ പദവികൾ നൽകിയാവരുത് കേരളത്തിൽ നേതാക്കളെ കൊണ്ടുവരേണ്ടത്. വരുന്നവർക്ക് പദവി കൊടുക്കുന്നതു ക്രമാനുഗതമായിട്ടായിരിക്കണം. നല്ല ഭക്ഷണമാണെങ്കിലും നമ്മുടെ ദഹനശേഷിക്കനുസരിച്ചേ കഴിക്കാവൂ. അല്ലെങ്കിൽ ദോഷകരമാവും.

? മറ്റു പാർട്ടികളിൽ നിന്ന് വരുന്ന നേതാക്കളുടെ ജനപിന്തുണയെക്കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതു കൊണ്ടാണോ ദേശീയ നേതൃത്വം അവർക്ക് അധിക പരിഗണന നൽകുന്നത്?

∙ സംസ്ഥാന നേതൃത്വത്തോട് അറിയിച്ചിട്ടല്ല കേരളത്തിലെ പലരും ബിജെപിയിലേക്കു വരുന്നത്.  പലവഴിക്കു കേന്ദ്രത്തിൽ പോയി പാർട്ടിയിൽ കൂടുന്നവരാണ്. ഉത്തരേന്ത്യയിലെ വിജയമാതൃക ഇവിടെയും നടപ്പാകും എന്നു കരുതിയാണ് ദേശീയ നേതൃത്വം ഇവരെ സ്വീകരിക്കുന്നത്.

English Summary:

There is not even a shadow with those who came to BJP from other parties: CK Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com