ADVERTISEMENT

തൃശൂർ ∙ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാൻ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വീട്ടിലേക്കുവരാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടർ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോൾ ‘ആശാനു പത്മഭൂഷൺ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും ഗോപിയുടെ മകൻ രഘു ഗുരുക‍ൃപ സമൂഹമാധ്യമത്തിൽ എഴുതിയത് വൻ ചർച്ചയായി. പുരോഗമന കലാസാഹിത്യ സംഘം പുഴയ്ക്കൽ ഏരിയ പ്രസിഡന്റും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) തൃശൂർ ഏരിയ പ്രസിഡന്റുമാണു രഘു.  

‘അങ്ങനെ എനിക്ക് പത്മഭൂഷൺ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നൽകിയെന്നും പോസ്റ്റിൽ പറയുന്നു. സുരേഷ് ഗോപിക്കു വേണ്ടി പല ‘വിഐപി’കളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നുമാണു രഘുവിന്റെ കുറിപ്പിന്റെ തുടക്കം. ആരും ബിജെപിക്കും കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കയറി സഹായിക്കേണ്ട എന്നും എഴുതി. വ്യാപകമായി ചർച്ചയായപ്പോൾ പോസ്റ്റ് രഘു പിൻവലിച്ചു. സ്നേഹം കൊണ്ടു ചൂഷണം ചെയ്യരുതെന്നു പറയാൻ വേണ്ടി മാത്രമാണു പോസ്റ്റിട്ടതെന്നും ചർച്ച അവസാനിപ്പിക്കണമെന്നും രഘു മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കി. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ പേരാമംഗലത്താണു കലാമണ്ഡലം ഗോപിയുടെ വീട്. അദ്ദേഹത്തിന്  2009 ൽ പത്മശ്രീ ലഭിച്ചിരുന്നു.

അതിനിടെ, നടൻ ടൊവിനോ തോമസിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ പിന്നീടതു പിൻവലിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) അംബാസഡർ ആയതിനാൽ തന്റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി ടൊവിനോ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

സുരേഷ് ഗോപി പറഞ്ഞത്

കലാമണ്ഡലം ഗോപിയെ വിളിക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പാർട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ അറിവോടെയാണോ എന്നറിയില്ല. അദ്ദേഹം എനിക്കു ഗുരുതുല്യനാണ്. മണ്ഡലത്തിൽ ആരെയൊക്കെ കാണണമെന്ന് പട്ടിക തയാറാക്കിയിരിക്കുന്നത് പാർട്ടിയാണ്. ഗോപിയാശാനെയും കാണാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം അനുവദിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മനസ്സിൽ സങ്കൽപിച്ച് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുവായൂരപ്പനു മുൻപിൽ സമർപ്പിക്കും.

വി.എസ്.സുനിൽകുമാർ പറഞ്ഞത്

ടൊവിനോ തോമസുമായി ഏറെക്കാലമായുള്ള സൗഹൃദമാണ്. പൂങ്കുന്നത്ത് ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടെന്നറിഞ്ഞപ്പോൾ അവിടെച്ചെന്നു കണ്ടു. കൂടെ നിന്ന് ഫോട്ടോ എടുത്തു. എന്നാൽ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ അദ്ദേഹം സ്വീപ് അംബാസഡർ ആണ് എന്ന കാര്യം ഓർക്കാതെ ആ ചിത്രങ്ങൾ ചിഹ്നം അടങ്ങിയ പോസ്റ്ററിനൊപ്പം പങ്കുവച്ചു. ശ്രദ്ധയിൽപെട്ട ഉടൻ അവ നീക്കം ചെയ്യാൻ നിർദേശം നൽകി.

English Summary:

Controversy over social media 'post'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com