ADVERTISEMENT

തിരുവനന്തപുരം∙ ജനുവരി ഒന്നിനു തദ്ദേശ വകുപ്പ് തുടക്കമിട്ട ഓൺലൈൻ സേവനമായ കെ സ്മാർട് അവതാളത്തിൽ. രണ്ടര മാസമായിട്ടും തകരാർ പരിഹരിക്കാൻ അധികൃതർക്ക് ആകാത്തതിനാൽ കെട്ടിട നിർമാണങ്ങൾ അടക്കം വ്യാപകമായി മുടങ്ങിക്കിടക്കുകയാണ്. നികുതി അടയ്ക്കാനും ജനങ്ങൾ‌ക്കു കഴിയുന്നില്ല. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ‌ വിതരണം ചെയ്യുന്നതിൽ മാത്രമാണ് കെ സ്മാർ‌ട് ഫലപ്രദമായി പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ തകിടംമറിഞ്ഞിരിക്കുന്നത് എൻജിനീയറിങ്, റവന്യു സേവനങ്ങളാണ്.

കെട്ടിട നിർമാണ പെർമിറ്റിനായി ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്താത്തതാണു മുഖ്യപ്രശ്നം. മറ്റ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഫയൽ എത്തി അവിടെക്കിടക്കും. ഇതു കാരണം, സമർപ്പിക്കുന്ന അപേക്ഷകൾ തീരുമാനമാകാതെ കുടുങ്ങിക്കിടക്കുകയാണ്. അപേക്ഷകർ നേരിട്ടെത്തി പരാതിപ്പെട്ടിട്ടും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. നികുതി അടയ്ക്കാൻ ശ്രമിക്കുമ്പോഴും ഇടപാട് പൂർത്തിയാക്കാനാകുന്നില്ല. മുൻപ് അടച്ച നികുതിയുടെ വിവരങ്ങളും ലഭ്യമല്ല.

അതിവേഗത്തിൽ പെർമിറ്റ് ലഭ്യമാക്കാൻ കൂടി ഉദ്ദേശിച്ചു തുടക്കമിട്ട് കെ സ്മാർട് വഴി അപേക്ഷിച്ചാൽ പഴയ വേഗത്തിൽ പോലും അനുമതി ലഭിക്കുന്നില്ല. അപേക്ഷിക്കുമ്പോൾ നൽകുന്ന പല വിവരങ്ങളും പെർമിറ്റിൽ ഉൾപ്പെടാതെ പോകുകയും ചെയ്യുന്നു. ഇത് ബാങ്കുകളിൽ നിന്നു വായ്പ ലഭിക്കുന്നതിനു തടസ്സമാകുന്നുമുണ്ട്. നിലവിലെ കെട്ടിടം വിപുലീകരിക്കുന്നതിന് അപേക്ഷ നൽകിയ പലർക്കും പുതിയ കെട്ടിട നമ്പർ നൽകി. കെട്ടിടത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിലും സോഫ്റ്റ്‌വെയർ പിഴവു കാട്ടുന്നുണ്ട്. കോർപറേഷനുകളും മുനിസിപ്പാലിറ്റികളുമാണു കെ സ്മാർട്ടിലേക്കു മാറിയത്. വൈകാതെ പഞ്ചായത്തുകളിലും കെ സ്മാർട് നടപ്പാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും തൽക്കാലം നീട്ടിവച്ചിരിക്കുകയാണ്.

English Summary:

K smart portal not working fine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com