28 കോടി കുടിശികയാക്കി കെഎംഎസ്‌സിഎൽ; മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പ്രതിസന്ധിയിൽ

Mail This Article
കൊച്ചി ∙ കരാർ കമ്പനിക്കു കോടികൾ കുടിശികയായതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പ്രതിസന്ധിയിലായി. സ്പെയർപാർട്സ് ആവശ്യമുള്ള ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പണം ലഭിക്കാതെ നടത്താനാകില്ലെന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷനെ (കെഎംഎസ്‌സിഎൽ) കരാർ കമ്പനിയായ സൈറിക്സ് ഹെൽത്ത്കെയർ അറിയിച്ചു.
അറ്റകുറ്റപ്പണി നടത്തിയതിന് 2 വർഷത്തിനിടെ 46 കോടി രൂപയുടെ ബില്ലിൽ 18 കോടി മാത്രമാണു കെഎംഎസ്‌സിഎൽ നൽകിയത്. 28 കോടി രൂപ കുടിശിക; 2022–23 ൽ 12 കോടിയും 2023–24 ൽ 16 കോടിയും. കുടിശിക 21 കോടിയായിരുന്ന ഡിസംബറിൽ കരാർ കമ്പനിക്കു ലഭിച്ചത് 80 ലക്ഷം രൂപ മാത്രം. കുടിശിക പെരുകി സ്പെയർപാർട്സ് വാങ്ങാനാകാത്ത സാഹചര്യത്തിലാണ് ഇവ ആവശ്യമുള്ള ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താനാകില്ലെന്നു കമ്പനി നിലപാടെടുത്തത്.
മെഡിക്കൽ കോളജുകൾ ഒഴികെ ആരോഗ്യ വകുപ്പിനു കീഴിലെ ആശുപത്രികളിലെ വാറന്റി കാലാവധി കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കരാറാണു സൈറിക്സ് ഹെൽത്ത്കെയറിനു നൽകിയത്. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ ജനറൽ ആശുപത്രി വരെയുള്ളവയിലെ ഉപകരണങ്ങൾ ഇതിൽപെടുന്നു.