ADVERTISEMENT

തിരുവനന്തപുരം∙ നിലച്ചുപോയ ശബ്ദത്തിന്റെ തിരിച്ചുവരവിനായി നിശ്ശബ്ദമായി കാത്തിരിക്കുകയാണു നടി താര കല്യാൺ. താരയുടെ ശബ്ദം നിലച്ചതു മകൾ സൗഭാഗ്യയുടെ ശബ്ദത്തിലൂടെയാണു ലോകം അറിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന താരയെ സാക്ഷിയാക്കിയാണു രോഗത്തിന്റെ തുടക്കം മുതൽ ഇവിടം വരെയുള്ള കാര്യങ്ങൾ സൗഭാഗ്യ വിശദീകരിച്ചത്. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദദോഷങ്ങൾ നേരത്തേ തന്നെ താര നേരിട്ടിരുന്നു. ചെറുപ്പം മുതൽ പാടുന്നതിന്റെയോ ഗോയിറ്ററിന്റെ പ്രശ്നമോ ആയിരിക്കാമെന്നാണു കരുതിയത്. 

മാനസിക സമ്മർദം ഉണ്ടാകുമ്പോഴും ഉറക്കെ ശബ്ദിക്കുമ്പോഴുമൊക്കെ ശബ്ദം പൂർണമായും അടയും. കഴിഞ്ഞ വർഷം താരയ്ക്കു തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടത്തി. എന്നിട്ടും ശബ്ദത്തിനു മാറ്റമുണ്ടായില്ല. തുടർന്നു നടത്തിയ പരിശോധനയിലാണു സ്പാസ്മോഡിക് ഡിസ്ഫോണിയ എന്ന രോഗം സ്ഥിരീകരിച്ചത്. തലച്ചോറിൽ നിന്നു ശബ്ദപേടകത്തിലേക്കു നൽകുന്ന നിർദേശങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണിത്.

ഇതിനു 3 അവസ്ഥകളുണ്ട്. അഡക്ടർ ആണു താരയെ ബാധിച്ചത്. തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നതു പോലെ അനുഭവപ്പെടും. ശബ്ദിക്കാൻ ബദ്ധപ്പെടുന്തോറും അതു കൂടി വരും. ഡോക്ടറുടെ നിർദേശപ്രകാരം നാലു ദിവസം മുൻപ് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി. മൂന്നാഴ്ച കഴിഞ്ഞാൽ താരയ്ക്കു ശബ്ദം തിരിച്ചു കിട്ടുമെന്നാണു പ്രതീക്ഷ. 

English Summary:

Thara kalyan undergoes surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com