ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയതിനെ തുടർന്നുള്ള കേസിൽ അറസ്റ്റിലായ ‍പിജി വിദ്യാർഥി ഡോ. ഇ.എ റുവൈസിന് പുനഃപ്രവേശനം നൽകാൻ നിർദേശിച്ചുള്ള സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ്, ആരോഗ്യ സെക്രട്ടറി എന്നിവർ നൽകിയ അപ്പീലിലാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സിംഗിൾ ബെഞ്ചിനു മുന്നിൽ എതിർസത്യവാങ്മൂലം നൽകാനും വാദങ്ങൾ നിരത്താനും മതിയായ സമയം അധികൃതർക്കു ലഭിച്ചില്ലെന്ന സ്റ്റേറ്റ് അറ്റോർണിയുടെ വാദങ്ങൾ കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. അന്വേഷണ സമിതി രൂപീകരിച്ചിരുന്നെന്നും സ്റ്റേറ്റ് അറ്റോർണി അറിയിച്ചിരുന്നു. എന്നാൽ റുവൈസിനെതിരെയുള്ള അച്ചടക്ക നടപടി ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്നു ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തീരുമാനമുണ്ടായി നാലു ദിവസത്തിനുള്ളിൽ അധികൃതർക്കു സിംഗിൾ ബെഞ്ചിൽ എതിർസത്യവാങ്മൂലം നൽകാം. സിംഗിൾ ബെഞ്ച് എത്രയുംവേഗം തീരുമാനമെടുക്കണമെന്നും നിർദേശിച്ചു.

കേസിൽ അറസ്റ്റിലായതിനെ തുടർന്ന് റുവൈസിനെ സസ്പെൻഡ് ചെയ്തുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഡിസംബർ 7ലെ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഹർജിക്കാരന്റെ മെറിറ്റും പഠനം തുടർന്നുപോകാനായില്ലെങ്കിൽ ഉണ്ടാകുന്ന നികത്താനാവാത്ത നഷ്ടവും കണക്കിലെടുത്തായിരുന്നു ഉത്തരവ്.ഡോ. ഇ.എ റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്ന ആത്മഹത്യ ചെയ്തെന്നാണ് കേസ്. 

English Summary:

Dr. Shahna's death: Kerala High court cancelled re-entry order for Ruwais

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com