ADVERTISEMENT

കോട്ടയം/ഏറ്റുമാനൂർ ∙ വൈദ്യുതി ബിൽ കുടിശികയെ തുടർന്ന് നാട്ടകം ട്രാവൻകൂർ സിമന്റ്സിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കമ്പനിയുടെ പ്രവർത്തനം മുടങ്ങി. പ്രശ്നത്തിൽ ഇടപെട്ട വ്യവസായ മന്ത്രി പി.രാജീവ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി.

വൈദ്യുതി ബിൽ ഇനത്തിൽ 2.20 കോടി രൂപയുടെ കുടിശിക ട്രാവൻകൂർ സിമന്റ്സ് അടയ്ക്കാനുണ്ട്. എന്നാൽ ഈ തുക 2018 നവംബർ മുതൽ 2019 സെപ്റ്റംബർ വരെയും 2020 ജൂൺ മുതൽ ഡിസംബർ വരെയും ഉള്ളതാണെന്നും ഇതിനു ശേഷമുള്ള ബില്ലുകൾ മുടക്കമില്ലാതെ കെഎസ്ഇബിയിലേക്ക് അടയ്ക്കുന്നുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു. കുടിശിക വർധിച്ച സാഹചര്യത്തിൽ ഉന്നതതല നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതിബന്ധം വിഛേദിച്ചതെന്നു കെഎസ്ഇബി പറയുന്നു.

എറണാകുളം കാക്കനാട്ടെ ഭൂമി വിറ്റ് ബാധ്യതകൾ തീർക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണു കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചത്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ കുടിശിക സംബന്ധിച്ചു നടത്തിയ യോഗത്തിൽ ഘട്ടംഘട്ടമായി തീർപ്പാക്കുന്നതു പരിഗണിക്കണമെന്നു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വൈദ്യുതി വകുപ്പിനോട് അഭ്യർഥിച്ചിരുന്നു.

ഇത് അനുഭാവപൂർവം പരിഗണിക്കാമെന്നു കെഎസ്ഇബിയും സമ്മതിച്ചിരുന്നു. അതതു മാസത്തെ വൈദ്യുതി ചാർജ് കൃത്യമായി അടയ്ക്കണമെന്നും ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ കണക്‌ഷൻ വിഛേദിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, അതതു മാസത്തെ തുക അടച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇപ്പോഴത്തെ നടപടി. സംഭവത്തിൽ മന്ത്രിതല ഇടപെടൽ ഉണ്ടായെന്നും ഉടൻ തന്നെ കണക്‌ഷൻ പുനഃസ്ഥാപിക്കാൻ നടപടിയുണ്ടാകുമെന്നും കമ്പനി ചെയർമാൻ ബാബു ജോസഫ് പറഞ്ഞു.

അതേസമയം, വൈദ്യുതി ബിൽ കുടിശിക അടയ്ക്കാത്തതിനെത്തുടർന്നു കോട്ടയം ടെക്സ്റ്റൈൽസിന്റെ (സ്പിന്നിങ് മിൽ) ഫ്യൂസ് കെഎസ്ഇബി അധികൃതർ ഊരി. 38 ലക്ഷത്തോളം രൂപയാണ് കോട്ടയം ടെക്സ്റ്റൈൽസ് അടയ്ക്കാനുള്ളത്. പല അവധി നൽകിയിട്ടും പണം അടയ്ക്കാതെ വന്നതോടെയാണ് ഇന്നലെ കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരി മാറ്റിയത്. ഇതോടെ എല്ലാ തരത്തിലും പ്രവർത്തനം നിലച്ച കമ്പനി ലേഓഫിലേക്കു കൂപ്പുകുത്തി.

രണ്ടര മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് സംയുക്ത തൊഴിലാളി യൂണിയനുകൾ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഡിസംബർ മാസത്തിലെ 15 ശതമാനം ശമ്പളവും ജനുവരി മാസത്തിലെ മുഴുവൻ ശമ്പളവും ഉടൻ നൽകാമെന്നും പക്ഷേ, അത് എന്നു നൽകാമെന്നുള്ളത് ഈ മാസം 25നു പറയാമെന്നുമാണ് അധികൃതർ പറഞ്ഞത്. ഇതോടെ തൊഴിലാളി യൂണിയനുകളുടെ സമരം താൽക്കാലികമായി ഉപേക്ഷിച്ചിരുന്നു. ഇതിനിടയിലാണു കമ്പനിയെ വീണ്ടും പ്രതിസന്ധിയിലാക്കി കെഎസ്ഇബി ഫ്യൂസ് ഊരിയത്. കമ്പനി ലേഓഫിലേക്കു പോയാൽ പകുതി ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ കോവിഡ് കാലത്തിനു മുൻപ് 2 വർഷം കമ്പനി ലേ ഓഫിലായിരുന്നു. അന്നത്തെ ശമ്പളം പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നു തൊഴിലാളികൾ പറയുന്നു.

English Summary:

Electricity disconnected to Travancore Cements and Kottayam Textiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com