ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ഗവർണറുടെ നടപടി സുപ്രീം കോടതിയിൽ ചോദ്യംചെയ്യാൻ സാധിക്കുമോ എന്നു സംസ്ഥാന സർക്കാർ പരിശോധിക്കുന്നു.  ഇക്കാര്യം പരിശോധിക്കാൻ അഡ്വക്കറ്റ് ജനറലിനോട് (എജി) നിർദേശിച്ചു. ആവശ്യമെങ്കിൽ സുപ്രീം കോടതിയിലെ ഭരണഘടനാ വിദഗ്ധരുടെ നിയമോപദേശം തേടും. അനുകൂല നിയമോപദേശം ലഭിച്ചാൽ മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം സുപ്രീം കോടതിയെ സമീപിക്കാനാണു നീക്കം. 

ബില്ലുകൾ തടഞ്ഞുവച്ച രാഷ്ട്രപതിയുടെ നടപടി  ചോദ്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജി നിലവിലുണ്ട്. പുതിയ പരാതി നിലവിലെ കേസിൽ ഉൾപ്പെടുത്തണോ പുതിയ ഹർജിയായി  ഭരണഘടനാ ബെഞ്ചിനു മുന്നിൽ എത്തിക്കണോ തുടങ്ങിയ കാര്യങ്ങളിലും നിയമോപദേശം ലഭിക്കേണ്ടതുണ്ട്. 

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിനു രാഷ്ട്രപതി അനുമതി നൽകിയിരുന്നു. എന്നാൽ, ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്നത് ഉൾപ്പെടെ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും മിൽമയുടെ ഭരണം സർക്കാർ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ബില്ലും രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുകയാണ്. ഇതു  തിരിച്ചടിയായ സാഹചര്യത്തിലാണ് രാഷ്ട്രീയനേട്ടം കൂടി ലക്ഷ്യമിട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ആലോചന. രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങളിൽ പെടുന്നതല്ല ഈ ബില്ലുകൾ എന്നാണു സർക്കാർ നിലപാട്.

English Summary:

Kerala Government moves Supreme Court against sending bills to President of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com