ADVERTISEMENT

തൊടുപുഴ ∙ ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് എംപിയെ എം.എം.മണി എംഎൽഎ പ്രസംഗത്തിനിടെ അധിക്ഷേപിച്ചു. വ്യക്തിപരമായ പരാമർശങ്ങൾ പാടില്ലെന്ന പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് തിങ്കളാഴ്ച വൈകിട്ട് തൂക്കുപാലത്ത് എൽഡിഎഫ് പൊതുയോഗത്തിൽ മണിയുടെ അധിക്ഷേപ പ്രസംഗം. മുൻ എംപി പി.ജെ.കുര്യനെതിരെയും അശ്ലീലച്ചുവ കലർന്ന പരാമർശങ്ങൾ‌ അദ്ദേഹം നടത്തി.

ഡീൻ കുര്യക്കോസ് ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയിലാണെന്നും പൗഡറും പൂശി ഫോട്ടോയും എടുത്ത് ഇപ്പോ ഒലത്താം എന്ന് പറഞ്ഞാണ് ഡീൻ നടക്കുന്നതെന്നുമായിരുന്നു മണിയുടെ പ്രസംഗത്തിലെ അൽപം ‘ഭേദപ്പെട്ട’ പരാമർശങ്ങൾ. ഡീനിന്റെ മുൻഗാമിയായിരുന്ന പി.ജെ.കുര്യന് വേറെ പണിയായിരുന്നു എന്നു പറഞ്ഞ് മണി അർഥം വച്ച് ചിരിക്കുകയും ചെയ്തു. 

തെറിക്ക് ഉത്തരം മുറിപ്പത്തൽ എന്നത് തന്റെ ഭാഷാശൈലിയിൽ ഇല്ലെന്നായിരുന്നു ഡീൻ കുര്യാക്കോസ് എംപിയുടെ പ്രതികരണം. ഇടുക്കി ജില്ലയെയും ഉടുമ്പൻചോല  മണ്ഡലത്തേയും വഞ്ചിച്ചയാളാണ് എം.എം.മണി. മണി മന്ത്രി ആയിരുന്ന കാലയളവിലാണ് പട്ടയ ഭൂമിയിൽ വീട് ഒഴികെയുള്ള നിർമാണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്.  ഉടുമ്പൻചോല താലൂക്ക് പൂർണമായും ഏലമലക്കാടിന്റെ (സിഎച്ച്ആർ) പരിധിയിലാണ്. സ്വന്തം നിയോജകമണ്ഡത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ ഉത്തരവ് ഇറക്കിയപ്പോഴും മണി മന്ത്രിയായിരുന്നു. ജനവാസമേഖലകൾ ഉൾപ്പെടെ ബഫർ സോണിന്റെ പരിധിയിലാക്കാൻ തീരുമാനിച്ചത് മണി കൂടി പങ്കെടുത്ത മന്ത്രിസഭായോഗത്തിലായിരുന്നു.  ഇത്തരം ജനദ്രോഹ നടപടികളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് മണി ഈ അധിക്ഷേപം നടത്തുന്നതെന്നും ഡീൻ പറഞ്ഞു. 

∙സിപിഎം- ബിജെപി നേതാക്കളുടെ ബിസിനസ് ബന്ധം സംബന്ധിച്ച ചർച്ചകളിൽനിന്നു വഴിതിരിച്ചുവിടാൻ പിണറായി, എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ എന്നിവരുടെ അറിവോടെയാണ് ഈ അധിക്ഷേപം. മാന്യന്മാരെ ചീത്തവിളിക്കാൻ വീടിനു മുന്നിലേക്ക് കള്ളു നൽകി ആളെ വിടുംപോലെയാണ് മണിയെ വിട്ടത്. മണിക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ഡോക്ടറെ കാണിക്കാൻ സിപിഎം തയാറാകണം. – വി.ഡി.സതീശൻ

സിപിഎമ്മിന്റെ ശൈലി

തൊടുപുഴ ∙ നെടുങ്കണ്ടം തൂക്കുപാലത്ത് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ എം.എം.മണി വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ ഡീൻ കുര്യാക്കോസ് പ്രതികരിക്കുന്നു. 

∙ എം.എം.മണി നിരന്തരമായി അധിക്ഷേപിക്കുന്നതിന് എന്തെങ്കിലും കാരണം? വ്യക്തിപരമായി പ്രശ്നമുണ്ടോ ?

വ്യക്തിപരമായി ഒരു പ്രശ്നവുമില്ല. രാഷ്ട്രീയ പ്രതിയോഗികളെ ഏതുവിധത്തിലും വകവരുത്തണമെന്ന നില വരുമ്പോഴാണ് ഇത്തരം പ്രതികരണങ്ങളുണ്ടാകുന്നത്.

∙എംപി ഇടുക്കിക്ക് വേണ്ടി പാർലമെന്റിൽ ഒന്നും സംസാരിച്ചിട്ടില്ല എന്നാണ് ആരോപണം. 

കള്ളം പറ‍ഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎമ്മിന്റെ ശൈലി. ഞാൻ സിഎഎയ്ക്ക് എതിരെ വോട്ട് ചെയ്തിട്ടില്ലെന്ന പച്ചക്കള്ളം ഇടതുപക്ഷ സ്ഥാനാർഥി തന്നെ വിളിച്ചു പറഞ്ഞു. മുഖ്യമന്ത്രിയും അത് ആവർത്തിച്ചു. ഞാൻ പാർലമെന്റിൽ എന്താണ് സംസാരിച്ചതെന്ന് ആർക്കും പരിശോധിക്കാവുന്നതാണ്. അത് പകൽ പോലെ വ്യക്തവുമാണ്. 

∙ എം.എം.മണി പറയുമ്പോൾ അത് ഇടുക്കിയിലെ നാടൻ പ്രയോഗമായി വ്യാഖ്യാനിക്കപ്പെടുകയാണ്...

നമ്മുടെ നാട്ടിലെ സാംസ്കാരിക നായകരുടെ ഇരട്ടത്താപ്പു നയത്തിന്റെ ഭാഗമായി ഉണ്ടായതാണ് നാടൻ പ്രയോഗമെന്ന ന്യായം. എന്നാൽ മണി ഇങ്ങനെ വ്യത്തികേട് പറയുമ്പോൾ നമ്മൾ അതേ ഭാഷയിൽ മറുപടി കൊടുക്കേണ്ടതില്ല. അത് മാന്യമായ രാഷ്ട്രീയ പ്രവർത്തനവുമല്ല.

English Summary:

MM Mani again with abusive speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com