ADVERTISEMENT

കോഴിക്കോട് ∙ നാട്ടാനകളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനും വിവര ക്രോഡീകരണത്തിനും കേന്ദ്രം പുതിയ ചട്ടം കൊണ്ടു വന്നതോടെ കേരളത്തിലെ 409 നാട്ടാനകളും നിയമപരിധിക്ക് പുറത്താവും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് മോണിറ്ററിങ് സംവിധാനത്തിലേക്ക് നാട്ടാനകളുടെ ജനിതക വിവരങ്ങൾ ശേഖരിച്ചു നൽകാത്തതാണ് പ്രശ്നം.

ആനകളുടെ രക്ത സാംപിൾ ശേഖരിക്കാനുള്ള കിറ്റുകൾ ഉൾപ്പെടെ 2 വർഷം മുൻപ് വനം വകുപ്പിനു കൈമാറിയിരുന്നെങ്കിലും സംസ്ഥാനം ഇതു മുൻപേ ചെയ്തതാണെന്ന് ഫയലിൽ എഴുതി ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ 2019ലാണ് കേരളത്തിലെ നാട്ടാനകളുടെ ജനിതക വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ചത്. എന്നാൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർദേശിക്കുന്ന മാതൃകയിൽ അവരുടെ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ മാത്രമേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കൂ. ഇതിനായി പ്രത്യേക കിറ്റുകൾ ഉപയോഗിച്ച് രക്ത സാംപിൾ ശേഖരിച്ച് ആനയുടെ ശാരീരിക വിവരങ്ങൾ ഉൾപ്പെടെ നൽകണം. 

ഇല്ലെങ്കിൽ കേന്ദ്ര സംവിധാനത്തിലെ വിവരശേഖരത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇതിനു വേണ്ടി കിറ്റുകൾ നൽകിയപ്പോഴാണ് സംസ്ഥാനം മുന്നേ ചെയ്തതാണെന്ന് ഫയലെഴുതി നടപടികൾ അവസാനിപ്പിച്ചത്.

ഉടമസ്ഥാവകാശം മാറുന്നതിനും മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുന്നതിനും ആനയുടെ ജനിതക വിവരങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് മോണിറ്ററിങ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണം. അതിന് കേരളം 2019ൽ ശേഖരിച്ച ജനിതക വിവരങ്ങൾ പ്രയോജനപ്പെടില്ല.

English Summary:

Elephants in Kerala are out of central rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com