ADVERTISEMENT

ചാലക്കുടി ∙ കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും മറ്റും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തി. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ച് രാമകൃഷ്ണനും ഇന്നലെ വിഡിയോ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേർ സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നു. 

നേരത്തേ, സത്യഭാമ കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ, ആർഎൽവി രാമകൃഷ്ണൻ അവിടെ പിഎച്ച്ഡി ചെയ്യാൻ സമർപ്പിച്ച അപേക്ഷ നിരസിച്ചപ്പോൾ രാമക‍ൃഷ്ണൻ പട്ടികജാതി കമ്മിഷനെ സമീപിച്ചിരുന്നു. പുറത്താക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ സത്യഭാമ ഭരണസമിതിയിൽനിന്നു രാജിവച്ചു. തൊട്ടുപിന്നാലെ അവരെ പുറത്താക്കിയതായി കലാമണ്ഡലം അറിയിക്കുകയുമുണ്ടായി.

ആർഎൽവി രാമകൃഷ്ണൻ മനോരമയോട്:  

? ആർഎൽവി രാമകൃഷ്ണന്റെ പേര് പറഞ്ഞിട്ടില്ല എന്നാണല്ലോ സത്യഭാമയുടെ വാദം.

വളരെ കൃത്യമായി, ചാലക്കുടിയിലെ മോഹിനിയാട്ട നർത്തകൻ, കെപിഎസി ലളിതയുമായി ബന്ധപ്പെട്ട വിവാദത്തിലെ വ്യക്തി, തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി എന്നീ പരാമർശങ്ങൾ സത്യഭാമ അഭിമുഖത്തിൽ നടത്തുന്നുണ്ട്. ഈ പരാമർശങ്ങളെല്ലാം എന്നെ ഉദ്ദേശിച്ചാണെന്നു വ്യക്തമാണല്ലോ.

? അവർക്കെതിരെ നേരത്തെ പരാതി നൽകിയ വിഷയം എന്താണ്.

കലാമണ്ഡലത്തിൽ ഞാൻ പിഎച്ച്ഡി ചെയ്യാൻ അപേക്ഷ സമർപ്പിച്ചപ്പോൾ അതിനെതിരെ രംഗത്തു വന്നത്, അന്നു ഭരണസമിതി അംഗമായ സത്യഭാമ ആയിരുന്നു. അന്ന് അവരുടെ നിലപാടിനെതിരെ കലാമണ്ഡലത്തിൽ പരാതി നൽകി. പട്ടികജാതി കമ്മിഷനെയും സമീപിച്ചു. കമ്മിഷൻ കലാമണ്ഡലത്തിന് നോട്ടിസ് അയച്ചു. അപ്പോഴേക്കും ഇവരെ ഭരണസമിതിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. അതിനാൽ ആ കേസുമായി മുന്നോട്ടുപോയില്ല.

? ആ പരാതിയുടെ പ്രതികാരമാണോ ഈ പരാമർശങ്ങൾ. 

നേരത്തെയും അവരുടെ ഭാഗത്തുനിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തിയ  നൃത്തോത്സവത്തിൽ കലാവതരണത്തിന് അനുമതി തേടി ഞാൻ അപേക്ഷ നൽകി. കോഓർഡ‍ിനേറ്റർ ആയ സത്യഭാമ ഫോണിൽ വിളിച്ച്, ‘നിനക്ക് പറ്റിയതല്ല ഇത്’ എന്നു പറഞ്ഞ് അവഹേളിച്ചു. സ്കൂൾ യുവജനോത്സവത്തിൽ നല്ല പ്രകടനം നടത്തിയ എന്റെ ശിഷ്യയ്ക്കു മികച്ച സ്ഥാനം കൊടുക്കാൻ തയാറാകാത്ത സാഹചര്യം ഉണ്ടായി. ഇതെപ്പറ്റി ചോദ്യം ചെയ്യൽ ഉണ്ടായി; തർക്കവും. ഈ വിഷയത്തിൽ  പരസ്പരം കേസ് കൊടുത്തു. ഹൈക്കോടതിയിൽ എനിക്കെതിരെ രണ്ടു കേസുണ്ട്. 

? വ്യക്തിപരമായ വിരോധത്തിന്റെ മാത്രം പ്രശ്നമാണോ ഇത്. 

∙എനിക്കെതിരെ മാത്രമല്ല അവർ ഇത്തരം പരാമർശങ്ങൾ നടത്തിയത്. നന്നായി നൃത്തം അവതരിപ്പിച്ച ഒരു കുട്ടിക്കു മികച്ച സ്ഥാനം നിഷേധിച്ചതിനെപ്പറ്റി, അച്ഛനമ്മമാർ ചോദിച്ചപ്പോൾ, ‘നിങ്ങൾ വെളുത്തിട്ടാണെങ്കിലും മകൾ കാക്കയുടെ പോലെയാണല്ലോ’ എന്ന് വിധികർത്താവായ ഇവർ ചോദിച്ചിട്ടുണ്ട്, അതായത്, ആദ്യമായല്ല ഇത്തരം പദപ്രയോഗങ്ങൾ നടത്തുന്നത്. 

സൗന്ദര്യം ഉള്ള ആളുകൾ മാത്രം കളിക്കേണ്ടതാണ് മോഹിനിയാട്ടം എന്ന പരാമർശം നൃത്തലോകത്തിനും നവോത്ഥാന കേരളത്തിനും അപമാനമാണ്. ഇത്തരം ആളുകൾ സാംസ്കാരിക രംഗത്തു നിലകൊള്ളുന്നത് ഭാവിയിലെ പ്രതിഭകളെ ഇല്ലാതാക്കുന്നതിനു വഴിവയ്ക്കും. അക്കാദമിക തലത്തിലുള്ള കഴിവുകൾ പരിഗണിക്കാതെ ജാതിയും നിറവും മാനദണ്ഡമാക്കുകയാണ് ഇവർ. 

? രാമകൃഷ്ണന്റെ അക്കാദമിക് യോഗ്യതയെ സംബന്ധിച്ചും പരാമർശങ്ങളുണ്ട്.

∙ഞാൻ ഏതോ സ്ഥാപനത്തിൽ എന്തോ ഒന്നു പഠിച്ചു എന്നാണ് അവർ പറയുന്നത്. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ മോഹിനിയാട്ട കളരിയിൽനിന്നു പഠിച്ചിറങ്ങിയ ആളാണ് ഞാൻ. 4 വർഷ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞ ശേഷം എംജി സർവകലാശാലയിൽ നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസായി. കേരള കലാമണ്ഡലത്തിൽനിന്ന് പെർഫോമിങ് ആർട്സിൽ എംഫിൽ ഉയർന്ന മാർക്കോടെ പാസാകുകയും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി പൂർത്തിയാക്കുകയും ചെയ്തു. യുജിസിയുടെ നെറ്റ് പരീക്ഷയും പാസായി. കാലടി സംസ്കൃത സർവകലാശാലയിലും ആർഎൽവി കോളജിലും മോഹിനിയാട്ടം ഗെസ്റ്റ് ലക്ചറർ ആയിരുന്നിട്ടുണ്ട്. 

? രാമകൃഷ്ണൻ പരാതി നൽകിയാൽ നടപടി സ്വീകരിക്കുമെന്നാണു മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞിരിക്കുന്നത്.

∙കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. നിയമപരമായി മുന്നോട്ടുപോകാൻ തന്നെയാണു തീരുമാനം. ഭാവിവാഗ്ദാനങ്ങൾക്കു വേണ്ടി അതു ചെയ്തേ മതിയാകൂ. കല പ്രഫഷനൽ ആയി സ്വീകരിച്ച പിന്നാക്കക്കാരായ ഒട്ടേറെ കുട്ടികളാണുള്ളത്. നൂറുകണക്കിന് കലാകാരന്മാരെ അവർ അധിക്ഷേപിച്ചിരിക്കാം. അവരെല്ലാം പിന്തുണ കിട്ടുമോ എന്നു പേടിച്ചു പ്രതികരിക്കാതിരുന്നതാകാം.

ആ സത്യഭാമയല്ല ഈ സത്യഭാമ:  ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം∙ ജാതിയുടെയും നിറത്തിന്റെയും പേരിൽ ഒരു കലാകാരനെയും വിലയിരുത്താൻ പാടില്ലെന്ന് ശ്രീകുമാരൻ തമ്പി. 

‘കലാമണ്ഡലം സത്യഭാമ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നൃത്താധ്യാപികയ്ക്ക് കറുപ്പിനോടു വെറുപ്പാണ്.  യഥാർഥ കലാമണ്ഡലം സത്യഭാമ ഈ ന‍ൃത്താധ്യാപികയല്ല. കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്നു അവർ. ഞാൻ സംവിധാനം ചെയ്ത ‘ഗാനം’, ‘ബന്ധുക്കൾ ശത്രുക്കൾ’ എന്നീ സിനിമകളിൽ നൃത്ത സംവിധാനം നിർവഹിച്ചത് യഥാർഥ കലാമണ്ഡലം സത്യഭാമയാണ്. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ നർത്തകിമാരുടെ ഗുരുവുമായിരുന്നു. ആ സത്യഭാമയും ഈ സത്യഭാമയും തമ്മിൽ താരതമ്യമില്ല’. 

പത്മനാഭൻ നായരുടെയും സത്യഭാമയുടെയും കലാ ജീവിതത്തെ ആസ്പദമാക്കി ‘ദയിതേ കേൾ നീ’ എന്ന  ഡോക്യുമെന്ററിം ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്തിട്ടുണ്ട്.

‘കലാമണ്ഡലവുമായി ബന്ധമില്ല’

തൃശൂർ  ∙ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് കേരള കലാമണ്ഡലവുമായി ഒരു ബന്ധവുമില്ലെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണനും റജിസ്ട്രാർ പി.രാജേഷ് കുമാറും അറിയിച്ചു. പരിഷ്കൃത സമൂഹത്തിനു ചേരാത്ത പ്രസ്താവന നടത്തുന്ന വ്യക്തികൾ പേരിനൊപ്പം സ്ഥാപനത്തിന്റെ പേരുകൂടി ചേർക്കുന്നത് സ്ഥാപനത്തിനു കളങ്കമാണെന്നും  അവർ പറഞ്ഞു. 

English Summary:

RLV Ramakrishnan responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com