ADVERTISEMENT

തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത നടപടി പിൻവലിക്കാനും തിരഞ്ഞെടുപ്പ് നിലവിലുള്ള രീതിയിൽ നടത്താനും ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകും. ഇക്കാര്യം അദ്ദേഹം ഹൈക്കോടതിയെ അറിയിക്കും.

ഹൈക്കോടതി നിർദേശം അനുസരിച്ച് ഈ വിഷയത്തിൽ ഇന്നലെ ഗവർണർ ഹിയറിങ് നടത്തി. കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തവർ സിൻഡിക്കറ്റിലേക്ക് മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രിക റിട്ടേണിങ് ഓഫിസർ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് തിരഞ്ഞെടുപ്പ് നടപടി ചാൻസലർ സ്റ്റേ ചെയ്തത്. എന്നാൽ, ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് വരികയും ഹിയറിങ് നടത്തി തീരുമാനിക്കാൻ ചാൻസലറോടു കോടതി നിർദേശിക്കുകയുമായിരുന്നു.ഇന്നലെ ഹിയറിങ്ങിനു ശേഷമാണ് നേരത്തേ താൻ നൽകിയ സ്റ്റേ പിൻവലിക്കാനുള്ള തീരുമാനത്തിൽ ഗവർണർ എത്തിയത്. 

ഇതോടെ തിരഞ്ഞെടുപ്പ് നടപടികൾ മുൻ തീരുമാനം അനുസരിച്ച് നടക്കും. തിരഞ്ഞെടുപ്പിൽ തൽക്കാലം ഇടപെടേണ്ടതില്ല എന്നാണ് ചാൻസലറുടെ തീരുമാനം. ഇത് പൂർത്തിയായ ശേഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ വൈസ് ചാൻസലർക്കോ ചാൻസലർക്കോ അപ്പീൽ നൽകാം. അല്ലെങ്കിൽ കോടതിയെ സമീപിക്കാം.

സർവകലാശാലയുടെ അഭിഭാഷകനാണ് ഗവർണർക്കു മുന്നിൽ വാദഗതികൾ അവതരിപ്പിച്ചത്. ഗവർണർ നാമനിർദേശം ചെയ്തവരും എതിർവിഭാഗവും തെളിവു നൽകാൻ എത്തിയിരുന്നു. പ്രശ്നത്തിന്റെ ന്യായ അന്യായങ്ങളിലേക്ക് തൽക്കാലം താൻ കടക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ്  നടക്കട്ടെയെന്നുമുള്ള നിലപാടാണ് ചാൻസലർ സ്വീകരിച്ചത്.

കാലിക്കറ്റ്, സംസ്കൃത സർവകലാശാലാ വിസിമാരെ പുറത്താക്കിയ ഗവർണറുടെ നടപടി സംബന്ധിച്ച ഹൈക്കോടതി വിധി ഇന്ന് വരുമെന്നു പ്രതീക്ഷിക്കുന്നു. ഗവർണർ രാവിലെ ഗ്വാളിയറിലേക്കു പോകുമെങ്കിലും തുടർനടപടി ആവശ്യമെങ്കിൽ ഓൺലൈനായി തീരുമാനം എടുക്കും. 

English Summary:

University of Calicut: Governor Arif Mohammad Khan to withdraw stay on syndicate elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com