വ്യാജപുരാവസ്തു തട്ടിപ്പ്: 100 കോടിയുടെ കള്ളപ്പണ ഇടപാടുകളെന്ന് ഇ.ഡി.

Mail This Article
കൊച്ചി∙ വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ 100 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പുകേസിലെ പ്രതിയായ മോൻസനും പരാതിക്കാരും കള്ളപ്പണം വെളുപ്പിക്കൽ കേസിനോടു സഹകരിക്കാത്തത് അന്വേഷണത്തിനു തടസ്സമാകുന്നുണ്ട്. കേസിൽ പ്രതിയായ മോൻസനെയും പരാതിക്കാരെയും ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് 25 കോടി രൂപയുടെ തട്ടിപ്പു കണ്ടെത്തി ഇ.ഡിക്കും ആദായനികുതി വകുപ്പിനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മോൻസന്റെ പക്കലുള്ള 1.88 കോടി രൂപയുടെ സ്വത്തു മാത്രമേ ഇ.ഡിക്കു കണ്ടുകെട്ടാൻ കഴിഞ്ഞിട്ടുള്ളൂ.
മോൻസൻ 10 കോടിരൂപ വെട്ടിച്ചതായി പരാതി നൽകിയവരോടു പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നു. ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയ രണ്ടു പരാതിക്കാർ 2 കോടി രൂപയുടെ ബാങ്ക് ഇടപാടിന്റെ രേഖകൾ മാത്രം നൽകി മടങ്ങി. അതു പരാതിക്കാരായ രണ്ടുപേർ തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടാണെന്നും മോൻസനു പണം നൽകിയതിന്റെ രേഖകൾ ഹാജരാക്കാൻ പരാതിക്കാർക്കു കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എത്ര കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നു കണ്ടെത്താൻ ഇ.ഡിയും ആദായനികുതി വകുപ്പും അന്വേഷിക്കേണ്ടി വരുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.