പദവിയിൽ നിന്നു പുറത്താക്കൽ: സംസ്കൃത സർവകലാശാല മുൻ വിസിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി
Mail This Article
കൊച്ചി∙ പദവിയിൽ നിന്നു പുറത്താക്കിയതു സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ അപ്പീൽ നൽകിയെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സ്റ്റേ നിരസിച്ച സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നു ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹർജി വിശദമായി പരിഗണിക്കുമ്പോൾ സിംഗിൾ ജഡ്ജിയുടെ മുന്നിൽ തന്നെ വാദങ്ങൾ ഉന്നയിക്കാവുന്നതാണെന്നും പറഞ്ഞു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിനു സിംഗിൾ ജഡ്ജി കഴിഞ്ഞ ദിവസം സ്റ്റേ അനുവദിച്ചിരുന്നു. ഇതിനിടെ, സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ.കെ.കെ. ഗീതാകുമാരി ചുമതലയേറ്റു. റജിസ്ട്രാർ ഡോ.പി.ഉണ്ണിക്കൃഷ്ണൻ ഗീതാകുമാരിയെ സ്വീകരിച്ചു.
കാലിക്കറ്റ്: ഗവർണറുടെ തീരുമാനം നീളും
തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹിയറിങ് നടത്തിയെങ്കിലും തീരുമാനം നീളും. ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷമേ ഗവർണർ തീരുമാനമെടുക്കൂ. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറെ പുറത്താക്കിയ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. വിസി തുടരുന്നതിനാൽ, നിർത്തിവച്ച സിൻഡിക്കറ്റ് തിരഞ്ഞെടുപ്പ് നീളാനാണു സാധ്യത.
സെനറ്റിലേക്കു ഗവർണർ നാമനിർദേശം ചെയ്ത അധ്യാപകർക്ക് അധ്യാപക മണ്ഡലത്തിൽനിന്നു സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമുണ്ടെന്നാണ് പരാതിക്കാർ വാദിച്ചത്. ഡോ. പി.രവീന്ദ്രൻ, ഡോ. എം.ഡി.വാസുദേവൻ എന്നിവരുടെ പത്രികകളാണ് റിട്ടേണിങ് ഓഫിസറായ റജിസ്ട്രാർ തള്ളിയത്.