എഴുത്തുകാരൻ ടി.എൻ.പ്രകാശ് അന്തരിച്ചു
Mail This Article
കണ്ണൂർ ∙ കഥാകൃത്തും നോവലിസ്റ്റുമായ ടി.എൻ.പ്രകാശ് (68) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവുമായിരുന്നു. വളപട്ടണം പാലം, ദശാവതാരം, സ്നേഹദൃശ്യങ്ങൾ, ഇന്ത്യയുടെ ഭൂപടം, ഈ കടൽത്തീര നിലാവിൽ, വാഴയില, ബ്ലാക് ബോക്സ് എന്നീ കഥാസമാഹാരങ്ങളും സൗന്ദര്യ ലഹരി, കിളിപ്പേച്ച് കേക്കവാ, നട്ടാൽ മുളയ്ക്കുന്ന നുണകൾ, ചന്ദന തുടങ്ങിയ നോവലൈറ്റുകളും വിധവകളുടെ വീട് എന്ന നോവലും പ്രസിദ്ധീകരിച്ചു.
അനുഭവക്കുറിപ്പുകളും യാത്രാവിവരണങ്ങളും ജീവചരിത്രവും നാടകങ്ങളുമുൾപ്പെടെ ഒട്ടേറെ കൃതികളുടെ രചയിതാവാണ്. അബുദാബി ശക്തി അവാർഡ്, ചെറുകഥാ ശതാബ്ദി അവാർഡ്, മുണ്ടശ്ശേരി അവാർഡ്, വി.ടി. ഭട്ടതിരിപ്പാട് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. താപം എന്ന കഥാസമാഹാരത്തിന് 2005ൽ മികച്ച ചെറുകഥയ്ക്കുളള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കണ്ണൂർ സൗത്ത് എഇഒ, തലശ്ശേരി ഡിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ പള്ളിക്കുന്ന് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. 2011ൽ സർവീസിൽനിന്നു വിരമിച്ച് സാംസ്‌കാരികരംഗത്ത് സജീവ സാന്നിധ്യമാകുന്നതിനിടെ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. ഭാര്യ ഗീത ( റിട്ട. അധ്യാപിക, കടമ്പൂർ സ്‌കൂൾ). മക്കൾ: പ്രഗീത്, തീർഥ.