കോതമംഗലത്ത് വീട്ടമ്മ പട്ടാപ്പകൽ കഴുത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ; കൊലപാതകം കവർച്ചയ്ക്കിടെ
Mail This Article
കോതമംഗലം∙ ചേലാട് കള്ളാട് പട്ടാപ്പകൽ വീട്ടമ്മയെ കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടെന്നാണു നിഗമനം. ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (അമ്മിണി–72) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണു കൊലപാതകം നടന്നതെന്നാണു കരുതുന്നത്. ഈ സമയം സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. ഒരു മണിക്കു ശേഷം സാറാമ്മയെ അയൽവാസി കണ്ടിരുന്നു. ജോലി കഴിഞ്ഞു മൂന്നരയോടെ വീട്ടിലെത്തിയ മരുമകൾ സിഞ്ജുവാണു മരിച്ച നിലയിൽ സാറാമ്മയെ കണ്ടത്.
ഹാളിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ വെട്ടേറ്റു രക്തം വാർന്നിട്ടുണ്ട്. ധരിച്ചിരുന്ന മാലയും 4 വളകളും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെയാണു സംഭവം. കഴിച്ച ഭക്ഷണത്തിന്റെ ബാക്കി മേശപ്പുറത്തുണ്ട്. ഇരുന്ന കസേര മറിഞ്ഞുകിടക്കുന്ന നിലയിലാണ്. മൽപിടിത്തം നടന്ന ലക്ഷണങ്ങളുണ്ട്. ചോര വാർന്നു കിടക്കുന്ന മൃതദേഹത്തിലും സമീപത്തും പിൻവാതിലിലും മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും ശാസ്ത്രീയാന്വേഷണ വിഭാഗവും പരിശോധന നടത്തി. കഴുത്തിൽ വെട്ടിയ ശേഷം സ്വർണം കവർന്നെന്നാണു പൊലീസ് നിഗമനം.
സാറാമ്മ കോതമംഗലം നമ്പിച്ചാൻകുടി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഏലിയാസ്. മക്കൾ: സിജി, സിജ (യുകെ), സീന (ഡൽഹി), എൽദോസ് (ചെയർമാൻ, ബെസ് അനിയാ പബ്ലിക് സ്കൂൾ ചേലാട്). മരുമക്കൾ: യോന്നാച്ചൻ തേക്കിലക്കാട്ട് കൊന്നയ്ക്കാൽ, സിബി തൈക്കൂട്ടത്തിൽ മാതിരപ്പിള്ളി, ജിജി തേക്കിലക്കാട്ട് വടക്കുഞ്ചേരി, സിഞ്ജു പുത്തൻപുരയ്ക്കൽ പുൽപള്ളി (അധ്യാപിക, ബെസ് അനിയാ പബ്ലിക് സ്കൂൾ ചേലാട്).