ADVERTISEMENT

തിരുവനന്തപുരം ∙ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെ വരുന്ന പ്രചാരണങ്ങൾക്കു മറുപടി നൽകാനുള്ള വസ്തുതാ പരിശോധനാവിഭാഗം (ഫാക്ട് ചെക്ക്) ശക്തിപ്പെടുത്താനായി എല്ലാ വകുപ്പുകളിലും നോഡൽ ഓഫിസർമാരെ നിയമിക്കാൻ നടപടി തുടങ്ങി. പിആർഡി ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ സർക്കാരിനെതിരെ വരുന്ന വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്കായി കേന്ദ്ര സർക്കാരിറക്കിയ വിജ്ഞാപനം കഴിഞ്ഞദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ പദ്ധതികൾ, നയം, പരിപാടികൾ, തീരുമാനം എന്നിവ സംബന്ധിച്ച സന്ദേശങ്ങളുടെ യാഥാർഥ്യം വിശദീകരിക്കുകയാണു ലക്ഷ്യമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. സർക്കാരുമായി ബന്ധപ്പെട്ട ഏതു സമൂഹമാധ്യമ പ്രചാരണവും ആളുകൾക്കു പേരു വെളിപ്പെടുത്തിയോ, വെളിപ്പെടുത്താതെയോ ഫാക്ട് ചെക്ക് വെബ്സൈറ്റിൽ രേഖപ്പെടുത്താം. വകുപ്പുകളിലെ നോഡൽ ഓഫിസർമാർ ഇതു പരിശോധിച്ച് വിശദീകരണം പിആർഡി വഴി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

പിആർഡിക്കു കീഴിൽ 2 വർഷം മുൻപ് ഫാക്ട് ചെക്ക് വിഭാഗവും വെബ്സൈറ്റും രൂപീകരിച്ചിരുന്നു. വാർത്തകളെ സെൻസർ ചെയ്യുന്നുവെന്ന വിമർശനമുയർന്നതിനെത്തുടർന്ന് പത്രം, ടെലിവിഷൻ എന്നിവയെ ഒഴിവാക്കി. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സർക്കാരുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

എന്നാൽ, ഏതു പ്രചാരണത്തെയും സർക്കാരിന്റെ വീക്ഷണകോണിൽനിന്ന് ‘ഫെയ്ക്’ എന്നു മുദ്രകുത്താനാകും. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെ സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി തന്നെ പ്രതിരോധിക്കാനാകും. സർക്കാരിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ കൈമാറുമ്പോൾ ജനങ്ങളെ വസ്തുത അറിയിക്കാനാണ് ശ്രമമെന്നും രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഔദ്യോഗികവിഭാഗം വിശദീകരിക്കുന്നു.

സ്ഥാനാർഥികളുടെ കേസും സ്വത്തും 
അറിയാൻ  മൊബൈൽ ആപ്

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലവും സ്വത്ത് വിവരങ്ങളും ഉൾപ്പെടെ അറിയാൻ പൊതുജനങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ കെവൈസി (നോ യുവർ കാൻഡിഡേറ്റ്) എന്ന മൊബൈൽ ആപ് പുറത്തിറക്കി. സ്ഥാനാർഥികൾ അവരുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്തു സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ള യോഗ്യത, സ്വത്ത് വിവരങ്ങൾ, ബാധ്യത, ക്രിമിനൽ പശ്ചാത്തലം, ക്രിമിനൽ കേസുകളുടെ നിലവിലെ സ്ഥിതി തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ ലഭിക്കും. 

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നിവരുടെ വെബ്സൈറ്റ് സന്ദർശിച്ചും https;//affidavit.eci.gov.in എന്ന 
ലിങ്ക് വഴിയും ഈ വിവരങ്ങൾ ലഭിക്കും.

English Summary:

Supreme Court Stays on Central government Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com