ADVERTISEMENT

വെഞ്ഞാറമൂട് (തിരുവനന്തപുരം) ∙ കാട്ടുപന്നിയെ തുരത്തുന്നതിന് സ്ഥാപിച്ചിരുന്ന കമ്പി വേലിയിൽ നിന്നു വൈദ്യുതാഘാതമേറ്റു യുവാവ് മരിച്ചു. വെള്ളുമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ മോഹനൻ-ശോഭന ദമ്പതികളുടെ മകൻ അരുൺ (ഉണ്ണി - 35) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 1.30നാണ് സംഭവം.അരുണും 2 സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്

മീൻ പിടിച്ച ശേഷം ഓലിക്കരയിൽ എത്തിയ ഇവർ വീടുകളിലേക്ക് പോകുന്നതിനു വേണ്ടി വീടിനു സമീപത്തെ ജംക്‌ഷനിൽ എത്തി പിരിഞ്ഞു. അരുണിന്റെ വീട്ടിൽ ബൈക്ക് എത്തിക്കാൻ കഴിയാത്തതിനാൽ ഓലിക്കര കുന്നിൽ റോഡിലെ പുരയിടത്തിനു സമീപം വച്ചിട്ടാണ് വീട്ടിലേക്കു പോകുന്നത്. അരുൺ വീട്ടിലേക്ക് തിരിഞ്ഞ് മിനിറ്റുകൾക്കകം നിലവിളിയും ബൈക്ക് വീഴുന്ന ശബ്ദവും കേട്ടു. 100 മീറ്റർ അകലെ നിന്ന് ഇവർ ഓടിയെത്തുമ്പോൾ ‌‌‌അരുൺ കമ്പിയിൽ കുടുങ്ങിയ നിലയിലും ബൈക്ക് മറിഞ്ഞ നിലയിലുമായിരുന്നു.

അരുണിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഷോക്കേറ്റിരുന്നുവെന്ന് ഇവർ പറയുന്നു. തുടർന്ന് ബൈക്കിന്റെ ടയറിൽ കയറി നിന്ന് അരുണിന്റെ വസ്ത്രത്തിൽ പിടിച്ച് പുറത്തേക്ക് എടുത്ത് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. അരുണിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. പുരയിടത്തിൽ സ്ഥാപിച്ചിരുന്ന കമ്പി വേലി കെഎസ്ഇബി അധികൃതരെത്തി പരിശോധിച്ചു.കാർപെന്ററാണ് അരുൺ. മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഷൈൻ ദാസ്. മകൻ: അക്ഷയ്.

English Summary:

Young man died of shock from wire fence erected to drive away wild boar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com