ADVERTISEMENT

തിരുവനന്തപുരം∙ വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ  മരണത്തിൽ മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള  ചാൻസലറുടെ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. വയനാട് സ്വദേശിയായ മുൻ എസ്പിയെയും അന്വേഷണ കമ്മിഷനിൽ ഉൾപ്പെടുത്തും. 

കമ്മിഷന്റെ ചെലവ് വെറ്ററിനറി സർവകലാശാലയുടെ ഫണ്ടിൽ നിന്നു നൽകണമെന്നു ചാൻസലർ കൂടിയായ ഗവർണറുടെ വിജ്ഞാപനത്തിൽ നിർദേശിച്ചേക്കും. പ്രധാനമായി 3 വിഷയങ്ങളാകും അന്വേഷിക്കുക. സിദ്ധാർഥനെ മരണത്തിലേക്കു നയിച്ച സാഹചര്യം എന്ത്, ഹോസ്റ്റലിൽ അടക്കം ക്രൂരപീഡനം ഉണ്ടായിട്ടും സർവകലാശാലാ അധികൃതരുടെ ഭാഗത്തുനിന്ന്  അനാസ്ഥ ഉണ്ടാകാൻ കാരണം എന്ത്, സർവകലാശാലകളിലും കോളജുകളിലും ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു നടപടി സ്വീകരിക്കണം എന്നിവയാണ് കമ്മിഷന്റെ മുഖ്യ പരിഗണനാ വിഷയങ്ങൾ. 

സാധാരണ ജുഡീഷ്യൽ കമ്മിഷന്റെ ചെലവ് സർക്കാരാണു വഹിക്കുക. ഓഫിസ് അനുവദിക്കാതിരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ നൽകാതിരിക്കുക  തുടങ്ങിയ നടപടികളിലൂടെ ജുഡീഷ്യൽ അന്വേഷണം വഴിമുട്ടിക്കാൻ സർക്കാരിനു സാധിക്കും. സിദ്ധാർഥന്റെ മരണത്തിൽ ഭരണകക്ഷി വിദ്യാർഥി സംഘടന ആരോപണനിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിനെ ഒഴിവാക്കി ഗവർണർ ഈ ചുമതല സർവകലാശാലയെ ഏൽപിക്കുകയായിരുന്നു. 

കമ്മിഷന്റെ തെളിവെടുപ്പ് കൽപറ്റയിലെ സർവകലാശാലാ ഗെസ്റ്റ് ഹൗസിലും താമസവും മറ്റും മരാമത്തുവകുപ്പിന്റെ റെസ്റ്റ് ഹൗസിലും  ആയിരിക്കും. കമ്മിഷന് ആവശ്യമായ സുരക്ഷ ഒരുക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിക്കു ഗവർണർ നിർദേശം നൽകും. 6 മാസമാണ് കമ്മിഷന്റെ കാലാവധി. വിജ്ഞാപനം ഇറങ്ങുന്നതിനു പിന്നാലെ ജുഡീഷ്യൽ അന്വേഷണം തുടങ്ങും.

‘മനഃപൂർവ വീഴ്ച’; ആഭ്യന്തര വകുപ്പിനെതിരെ സിദ്ധാർഥന്റെ പിതാവ് 

തിരുവനന്തപുരം ∙എസ്എഫ്ഐ വഴി സർക്കാർ പ്രതിക്കൂട്ടിൽ ആയിരിക്കുന്ന കേസിൽ മനഃപൂർവമെന്നു കരുതാവുന്ന ഗുരുതര വീഴ്ചയാണ് മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിൽ ഉണ്ടായിരിക്കുന്നതെന്ന് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് പ്രതിപക്ഷനേതാവിനെ കണ്ടത്. നീതിയും സഹായവും തേടി പോകേണ്ടത് ഭരണപക്ഷത്തുള്ളവരുടെ അടുത്താണ്. പക്ഷേ, അവരുടെ അടുത്തു പോയാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് എല്ലാവർക്കും അറിയാമല്ലോ? – ജയപ്രകാശ് ചോദിച്ചു. 

അന്വേഷണത്തിന് ശുപാർശ ചെയ്തുള്ള വിജ്ഞാപനം കൈമാറിയെങ്കിലും കേസിന്റെ പൂർണ വിവരമുള്ള പ്രൊഫോമ റിപ്പോർട്ട് മൂന്നാഴ്ചയായിട്ടും കൈമാറിയില്ല. നടപടി പൂർത്തിയായെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനും ആഭ്യന്തരവകുപ്പ് ശ്രമിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണം നിർത്തി. സിബിഐ ഇതു വരെ എത്തിയിട്ടുമില്ല. ’–ജയപ്രകാശ് പറഞ്ഞു. 

English Summary:

Chancellor's order for Judicial enquiry on Siddharth's death likely to come out today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com