ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഗോഡൗണുകളിലും റേഷൻ കടകളിലുമായി കെട്ടിക്കിടക്കുന്ന രണ്ടരക്കോടിയിലേറെ കിലോഗ്രാം (25,958 ടൺ) സാധാരണ റേഷനരി (നോൺ ഫോർട്ടിഫൈഡ് റൈസ്) വിതരണം ചെയ്യാൻ 2 ദിവസം മാത്രം ശേഷിച്ചതോടെ പതിനാലായിരത്തോളം റേഷൻ വ്യാപാരികളും താലൂക്കുതല ഉദ്യോഗസ്ഥരും അങ്കലാപ്പിൽ. മാർച്ച് 31ന് മുൻപ് വിതരണം ചെയ്യാനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് 5 ദിവസം മുൻപ് നിർദേശിച്ചത്. ഇതിൽ ഒന്നരക്കോടിയിലേറെ കിലോഗ്രാം അരിയാണ് റേഷൻ കടകളിലുള്ളത്.

ബാക്കി സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള എൻഎഫ്എസ്എ ഗോഡൗണുകളിൽനിന്ന് കടകളിലേക്ക് ഇനിയും പൂർണമായി എത്തിയിട്ടുമില്ല. നിശ്ചിത സമയങ്ങളിൽ ഗോഡൗണുകളിൽ നിന്നു കടകളിലേക്ക് അരി എത്തിക്കുന്നതിൽ വകുപ്പിന് ഉണ്ടായ വീഴ്ചയാണ് അരി കെട്ടിക്കിടക്കാൻ കാരണം. ബുധനാഴ്ചയും ശനിയാഴ്ചയുമാണ് മാർച്ച് മാസത്തെ റേഷൻ വിതരണത്തിന് അവശേഷിക്കുന്നത് എന്നതിനാൽ വിതരണം പൂർത്തിയാക്കാനാവില്ല. സ്റ്റോക്ക് വിറ്റഴിച്ച കടകളിലും വീണ്ടും അതേ അരി എത്തുന്നതും റേഷൻ വ്യാപാരികളെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 എന്നീ പോഷകങ്ങൾ ഉൾപ്പെടുത്തി സമ്പുഷ്ടീകരിച്ച അരി (ഫോർട്ടിഫൈഡ് റൈസ്) വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രം ഘട്ടം ഘട്ടമായി വിതരണം ചെയ്തു തുടങ്ങിയത് കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ്. വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബിയുടെ കുറവു മൂലം ഉണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ പൂർണമായി സമ്പുഷ്ടീകരിച്ച അരിയുടെ വിതരണത്തിലേക്കു മാറാനായിരുന്നു കേന്ദ്ര നിർദേശം. ഒരു വർഷം സാവകാശമുണ്ടായിട്ടും സാധാരണ അരി വിതരണം ചെയ്തു തീർക്കാൻ കേരളത്തിന് കഴിഞ്ഞില്ല.

ഇതിനിടെ കൂടുതൽ വിൽപനയും കാർഡ് ഉടമകളുമുള്ള റേഷൻ കടകളിലെ സാധാരണ റേഷനരി വിറ്റുതീർന്നു. എന്നാൽ, കാർഡ് ഉടമകൾ കുറവായിരുന്ന കടകളിൽ ഇവ ബാക്കി വന്നു. ഫോർട്ടിഫൈഡ് റൈസും കൂടി ഇതിനിടെ കടകളിൽ അധികൃതർ എത്തിച്ചതിനാൽ സാധാരണ റേഷനരി മാത്രമായി വിൽപന നടത്താനും സാധിക്കില്ലായിരുന്നു. വിവിധ ഇനം അരി നിശ്ചിത അളവിൽ നൽകാനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് അന്നു നിർദേശിച്ചത്. ഇതനുസരിച്ച് മട്ട, പുഴുക്കലരി, പച്ചരി എന്നിവയുടെ സാധാരണ ഇനങ്ങളും ഇവയുടെ ഫോർട്ടിഫൈഡ് ഇനങ്ങളും എന്നിങ്ങനെ 6 ഇനം അരി വിവിധ അളവുകളിൽ റേഷൻ കാർഡ് ഉടമകൾക്കു വിതരണം ചെയ്യേണ്ട അവസ്ഥ വന്നു. ഗോഡൗണുകളിൽ സാധാരണ അരി കെട്ടിക്കിടക്കുന്ന കാര്യം അധികൃതർ അവഗണിച്ചതും തിരിച്ചടിയായി.

കൂടുതലും പച്ചരി

സാധാരണ റേഷനരിയിൽ (നോൺ ഫോർട്ടിഫൈഡ് റൈസ്) കൂടുതലും പച്ചരിയാണ് സ്റ്റോക്ക് ഉള്ളത്. ഇത്രയധികം പച്ചരിക്ക് ഇപ്പോൾ ആവശ്യക്കാരും കുറവാണ്. മാർച്ച് മാസത്തെ റേഷൻ വിതരണത്തിന്റെ സമയം നീട്ടുകയും അടുത്ത മാസത്തേക്ക് കൂടി സാവകാശവും നൽകിയാൽ മാത്രമേ അരിയുടെ സ്റ്റോക്ക് തീർക്കാൻ കഴിയുകയുള്ളുവെന്ന് വ്യാപാരികൾ പറഞ്ഞു.

റേഷൻ കടകളിൽ നീക്കിയിരുപ്പുള്ള സാധാരണ റേഷനരി സ്റ്റോക്ക് തീരുന്നതു വരെ പുതിയ ഇത്തരം അരി കടകളിലേക്ക് അയയ്ക്കാതിരിക്കണമെന്നും നിലവിലുള്ള സ്റ്റോക്ക് വിതരണം ചെയ്യാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭക്ഷ്യമന്ത്രി, ഭക്ഷ്യസെക്രട്ടറി, ഭക്ഷ്യപൊതുവിതരണ കമ്മിഷണർ, റേഷനിങ് കൺട്രോളർ എന്നിവർക്കു കത്തു നൽകി.

English Summary:

Kerala government pressure to sell two and a half crore kilos of ration rice within two days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com