കെട്ടുകാഴ്ചയ്ക്കിടെ അപകടം: നാടിനു നൊമ്പരമായി ക്ഷേത്ര

Mail This Article
കൊല്ലം∙ കെട്ടുകാഴ്ചയ്ക്കിടെ വണ്ടിക്കുതിരയ്ക്കടിയിൽപ്പെട്ട് മരിച്ച അഞ്ചു വയസ്സുകാരി ആർ.ജെ.ക്ഷേത്ര നാടിനു നൊമ്പരമായി. ചവറ തെക്കുംഭാഗം പാറശേരി തെക്കേതിൽ വീട്ടിൽ രമേശ്, ജിജി ദമ്പതികളുടെ ഇളയ മകൾ ക്ഷേത്രയാണ് ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. കൊറ്റൻകുളങ്ങര ക്ഷേത്രോത്സവത്തിൽ ഒരുക്കിയ കുതിരയുടെ തടിച്ചക്രം കയറിയിറങ്ങിയാണ് അപകടം.
കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ നിന്ന് കടത്താറ്റു വയലിലിൽ എത്തിച്ച കെട്ടുകാഴ്ച തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. രമേശും കുടുംബവും വണ്ടിക്കുതിരയ്ക്ക് അടുത്തായിരുന്നു. ചെറിയ താഴ്ചയുള്ള ഭാഗത്തേക്ക് കുതിര ഉരുണ്ടപ്പോഴുണ്ടായ തിരക്കിലാണ് ക്ഷേത്ര താഴേക്കു വീണത്. രക്ഷിക്കാൻ രമേശ് നടത്തിയ ശ്രമം വിഫലമായി. ഇതിനിടെ ക്ഷേത്രയുടെ മുകളിലൂടെ ചക്രങ്ങൾ കയറിയിറങ്ങി.
ആദ്യം നീണ്ടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് ചവറ പൊലീസ് കേസെടുത്തു.