ADVERTISEMENT

കൊച്ചി ∙ മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതു സംബന്ധിച്ച കേസിൽ സർക്കാരിനു വീണ്ടും കോടതിയുടെ വിമർശനം. നിർദേശങ്ങൾ നൽകിയിട്ടും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ മോണിറ്ററിങ് കമ്മിറ്റി നടപടിയൊന്നും എടുത്തില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി വിഡിയോ കോൺഫറൻസിങ് വഴി ഇന്ന് ഉച്ചയ്ക്ക് ഹാജരാകാനും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ.അബ്ദുൽ ഹക്കിം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയില്ലെന്നു കോടതി ആവർത്തിച്ചു. സിബിഐ അന്വേഷണം വേണമോയെന്നു ചോദിച്ചു.

വ്യാജ പട്ടയങ്ങൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, ഡിജിറ്റൽ സർവേ സംഘം തുടങ്ങിയവരുടെ മേൽനോട്ടത്തിനായാണു റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ലാൻഡ് റവന്യു കമ്മിഷണറും ദുരന്തനിവാരണ കമ്മിഷണറും അംഗങ്ങളായി സമിതി രൂപീകരിച്ചത്. ഈ രണ്ടു സംഘങ്ങൾക്കും വേണ്ട നിർദേശങ്ങൾ മോണിറ്ററിങ് കമ്മിറ്റി നൽകണമെന്നും ഉത്തരവിട്ടു. സംഘത്തിന് മേയ് 31വരെയാണു ഹൈക്കോടതി സമയം നൽകിയത്.

ഹൈക്കോടതിയിൽ കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് നൽകാനും മോണിറ്ററിങ് കമ്മിറ്റിക്കു ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിലും സമിതി പരാജയപ്പെട്ടെന്നു കോടതി പറഞ്ഞു. യോജിച്ചുള്ള പരിശോധനകളും നിശ്ചലമായി. രേഖകളുടെ പരിശോധന നടക്കരുതെന്നാഗ്രഹിക്കുന്ന ചിലരുണ്ട്. അവരെ സഹായിക്കാനാണോ പരിശോധന വൈകിക്കുന്നതെന്ന സംശയമുണ്ടെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

ലാൻഡ് റവന്യു കമ്മിഷൻ മുൻപാകെ എത്ര റിവിഷൻ അപേക്ഷകളുണ്ടെന്ന് സർക്കാർ അറിയിക്കണമെന്നു കോടതി നിർദേശിച്ചു. കൂടാതെ, സർക്കാരിന്റെ മുന്നിലുള്ള കേസുകൾ, ലാൻഡ് റവന്യു കമ്മിഷണർ, സർക്കാർ എന്നിവർക്ക് എപ്പോൾ കേസുകൾ പരിഗണിക്കാനും തീർപ്പാക്കാനുമാകും തുടങ്ങിയ വിവരങ്ങളും അറിയിക്കണം.

English Summary:

Munnar encroachment evacuation: High Court criticizes kerala government for the slowness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com